പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, March 20, 2015

കടൽ കടന്നെത്തിയ രുചി,പുട്ട്


കൊയിലാണ്ടിയിലെ സുഹൃത്തുക്കൾൾ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് വയനാട്  ഉത്തരമായി.കോഴിക്കോട്ടുനിന്നും തോമാസും മനോഹരനും വണ്ടിയുമായി വന്നു.താമരശ്ശേരി ചുരത്തിലേക്ക് ഇടവഴിയിലൂടെ ചായ്ച്ചുവെച്ചു. ചുരം കയറി വൈത്ത്റ്റിരിയിലെത്തിയാൽ പിന്നെ എങ്ങോട്ടും തിരിയാം.


ആദ്യമായിട്ടാണീ വഴി,കാഴ്ചകൾ വ്യത്യസ്തമായിരുന്നു.പതിവുപോലെ പാലങ്ങൾ പുഴകൾ കോൺക്രീറ്റുകൾ ആണെങ്കിലും.അവിടെയും ഒരു മെഡിക്കൽ കോളെജ് കണ്ടു.ഇത്രയധികം മെഡിക്കൽ കോളേജുകൾ വന്നാൽ മനുഷ്യർക്കുപകരം  രോഗികൾ മാത്രം ഉണ്ടാവുന്ന കാലം വരുമോ.പതിവുപോലെ മലയുടെ മുടിയിൽ ഒമ്പതു പിന്നുകൾ പിന്നിവെച്ചിരിക്കുന്നു.
മലകയറിയാൽ ആദ്യത്തെ സുഹൃത്തുക്കൾ രഞ്ജിനിയും രാജഗോപാലുമാണ്.

വിളിച്ചുകൂവി,ഞങ്ങൾ വരുന്നു.

വൈത്തിരി കഴിഞ്ഞാൽ ചുണ്ട.അവിടെയാണവരുടെ കോഫീ കൗണ്ടി.ഊട്ടി റോഡിൽ നിന്നും തിരിഞ്ഞ് ഉള്ളിലേക്ക് തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെയും ഓരത്തുകൂടിയും വേണം അവിടെക്ക് പോകാൻ.

ചുണ്ടയിലെത്തുന്നതിന് മുമ്പേ രഞ്ജിനി പറഞ്ഞു,വൈത്തിരിയിൽ നിർത്തൂ.ഒരത്ഭുതം കാണിച്ചുതരാം.വൈത്തിരി  ഓറിയന്റൽ കോളേജിന്റെ കാറ്ററിംഗ് വിദ്യാർത്ഥികൾ ഗ്വിന്നസ് ബുക്കിലേക്ക് കയറാൻ ഉയരത്തിൽ ഒരു പുട്ട് നിർമ്മിക്കുന്നു,ഞങ്ങൾ വണ്ടി അങ്ങോട്ടു തിരിച്ചു.

അവിടെച്ചെല്ലുമ്പോൾ ഇരുപത്തിനാലടി നീളത്തിൽ നിർമ്മിച്ച ഒരു ഭീമാകരൻ പുട്ടിന്റെ താഴെ എല്ലാവരും തിങ്ങിക്കൂടി കൊതിയോടെ വെള്ളമിറക്കി നിൽപ്പുണ്ട്.കുട്ടികൾ പുട്ടിന്റെ ഉയരങ്ങളിലെ പല ഘട്ടങ്ങളിലായി ശ്രദ്ധയോടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിൽപ്പുണ്ട്.

ഓട്ടുക്കമ്പനി പുകക്കുഴൽ വഴി പുക ചിന്നുന്നതുപോലെ ഭീമാകരൻ പൂട്ടുകുറ്റിക്കുമേലെ പുകച്ചുരുൾ പാറിക്കളിക്കുന്നു.താഴെ അതിഥികൾ പുകച്ചുരുൾ പൊങ്ങുന്നതും നോക്കി കയ്യടിക്കുന്നു പുട്ടുകൾ തിന്നുന്നു.താഴെ പവലിയനിൽ അമ്പതോളം തരം പുട്ടുകൾ കുട്ടികൾ തയ്യാറാക്കുന്നു,മറ്റുള്ളവർ കഴിച്ചുകൊണ്ടിരിക്കുന്നു.

 സ്ഥാപനത്തിന്റെ ഉടമ എൻ.കെ. മുഹമ്മദ് നിർമ്മമനായി തീറ്റയേയും തീറ്റക്കാരേയും കണ്ടുരസിക്കുന്നു..

പുട്ടു നീളത്തിലുള്ള തീറ്റസാധനമാണെങ്കിലും കഴിക്കുന്നവരുടെ വയറുകൾ അങ്ങിനെയല്ല,ഉരുണ്ടിരിക്കുന്നു.അമ്പതോളം പുട്ടുകൾ രസത്തിന് വായിൽ വെച്ചാൽ തന്നെ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചുനോക്കാവുന്നതേയുള്ളു. വൈത്തിരിത്തണുപ്പിൽ ഞങ്ങളും കൈവെച്ചു പലതരം ചൂടൻപുട്ടുകളിൽ.

ഭക്ഷണത്തെ പേടിച്ചെന്നവണ്ണം തോമാസ് മാറിനിന്ന് സിഗാർ പുകച്ചു.ശശിയുടെ നരച്ച വികൃതിയുള്ള താടികളിൽ പലതരം പുട്ടുകൾ പലവർണ്ണങ്ങളിൽ തിളങ്ങിനിന്നു.എല്ലാം കൂടി ഒരുമിച്ച് തൂത്തുകളയാവുന്നതേയുള്ളൂ.

മീഡിയാ സ്കൂളിലേക്ക് ഞങ്ങൾക്ക് ക്ഷണം കിട്ടി,ഇടക്ക് വന്ന് ക്ലാസെടുക്കണം.നിലവിലെ പഠനത്തിന്റെ പീഢനം കുട്ടികൾക്ക് പോര എന്ന് തോന്നി.അവിടെ മീഡിയാ വിഭാഗവുമുണ്ട്.

പുട്ടിന്റെ രുചിഭേദങ്ങൾക്കിടയിൽ എലാറ്റിനും ഞങ്ങൾ ഓകെ പറഞ്ഞു,രുചികൾക്കങ്ങിനെയൊരു സവിശേഷതയുണ്ട്.രുചിയിൽക്കൂടി ഹൃദയത്തിലേക്ക് കടക്കാൻ ആവുമെന്ന് പലരും പറയുന്നു. ജന്മനാൽ ഹൃദയമില്ലാത്തതിനാൽ അതിനേക്കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല.

പുട്ട് എന്ന പലഹാരം എന്റെ ജീവിതത്തിലെ ഇണപിരിയാത്ത ചങ്ങാതിയാണ്.ഓർമ്മ വെച്ച മുതൽ അത് കൂടെയുണ്ട്,ചിരട്ടയുടെ രൂപത്തിലും കുറ്റിയുടെ നീളത്തിലും.

കുട്ടിക്കാലത്ത് കണ്ണുതിരുമ്മിയാൽ കാണുന്നത് അടുക്കളയിലെ പുട്ടുനിർമ്മാണത്തിന്റെ തകൃതികളാണ്.ഇതിനേക്കാൾ വലിയ നിർമ്മാണപ്രവർത്തനം മറ്റൊരിടത്തും  ഇതേവരെ കണ്ടിട്ടുമില്ല.നാളികേരം പൊളിക്കുന്നതോ നാളികേരം ചിരണ്ടുന്നതോ അരിപ്പൊടിയിലെ കട്ട ഉടക്കുന്നതോ അങ്ങിനെ ഏതെങ്കിലുമൊന്ന് അമ്മ ചെയ്യുന്നത് അതിരാവിലെ  കാണാം കേൾക്കാം. തണുപ്പിൽ മൂടിപ്പുതച്ചുകിടക്കുമ്പോൽ എഴുന്നേൽക്കാൻ കുറച്ചുമടിയുണ്ട്..നാളികേരവും ജീരകവും അരിപ്പൊടിയും കൂടിക്കലർന്ന് ഉയരുന്ന മണം മൂക്കിൻ പാലം കടന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ കമ്പിളി മുക്കിലേക്ക് വലിച്ചെറിഞ്ഞ് ഞങ്ങൾ കുട്ടികൾ ഉണരുകയായി.പുട്ടുണ്ടാക്കുന്നവർ ആരോ അതാണമ്മ എന്നാണ് അന്ന് വിചാരിച്ചിരുന്നത്.

മറുഗതിയില്ലാതെ അത് സ്വയം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് വെരി ഈസി എന്ന് മനസിലായത്. മൂക്ക് ആണ് ഭക്ഷണത്തെ ആദ്യം ടേസ്റ്റ് ചെയ്യുന്നത്.മൂക്ക് ലൈവ് അല്ലാത്തവർ ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കാൻ ബുദ്ധിമുട്ടാണ്.ആയതിനാൽ മൂക്ക് പരിശോധനക്ക്  ശേഷം മാത്രമേ ആരെയും അടുക്കളയിൽ പ്രവേശിപ്പിക്കാവൂ.നീളൻ മൂക്കന്മാർ നീണാൾ വാഴ്ക.

ആവിഭക്ഷണങ്ങൾ ബുദ്ധിസത്തിന്റെ സംഭാവനയാണ് എന്ന് പറയപ്പെടുന്നു .പക്ഷെ ആവിയന്ത്രം അവരുടെതല്ല.സിംഹളരാജ്യത്തുനിന്നാണ് പുട്ടും നൂലപ്പം തുടങ്ങിയ പലഹാരങ്ങൾ മലയാളത്തിലേക്ക് കടൽ കടന്നുവരുന്നത്.അതിൽ ചിക്കനും പപ്പടവും മറ്റും ചേർത്ത് നമ്മുടേതായ രീതിയിൽ നമ്മൾ അതിനെ മലിനപ്പെടുത്തി.

നാടൻ ചായക്കടകളിൽ അതിരാവിലെ പുട്ട് കയ്യിലെടുത്ത് ചൂടോടെ അകത്താക്കി പുറത്തേക്ക് പുകയൂതിവിടുന്നവരെ കണ്ടിട്ടുണ്ട്.ആരും കൊതിച്ചുപോകുന്ന  കാഴ്ചയാണത്.ഞങ്ങൾ കുട്ടികൾ ചിരട്ടപ്പുട്ടിന്റെ മുകളിൽ ചക്കരക്കാപ്പി ഒഴിച്ച് അതിനെ കുതിർക്കും.പുട്ടിനോടൊപ്പം എത്ര കളികൾ കളിച്ചിരിക്കുന്നു.

എന്തിനും പകരമുണ്ടല്ലൊ.നമ്മൾ മലയാളികൾ പത്തിരി തുടങ്ങിയ കടുപ്പമുള്ള ഭക്ഷണങ്ങൾ അങ്ങോട്ടുകൊടുത്ത് ശ്രീലങ്കക്കാരോട് പുട്ടിനു പകരം വീട്ടി.നെഞ്ചെരിച്ചിൽ അവരും അറിയണമല്ലൊ.

മറ്റൊരു കഥ കൂടി പുട്ടുകുറ്റി പോലെ ഫണം വിരിച്ചുനിൽപ്പുണ്ട്.പാലക്കാടിന്റെ ചിലഭാഗങ്ങളിൽ ചെന്നാൽ ഈ കഥ മണക്കും.രാമരാവണയുദ്ധത്തിൽ അന്നത്തെ  ഇന്ത്യയും ശ്രീലങ്കയും ഇന്നത്തെ  ക്രിക്കറ്റ്കളി പോലെ രണ്ടായിരുന്നല്ലോ. രാവണന്റെ സഹോദരരാക്ഷസൻ വിഭീഷണൻ രാമന്റെ പക്ഷത്തുമായിരുന്നു.രാവണവധത്തിനുശേഷം രാജ്യം വിഭീക്ഷണന് കൊടുത്തിട്ടായിരുന്നു സീതയേയും കയ്യിൽപ്പിടിച്ചുള്ള രാമന്റെ മടക്കയാത്ര.

 മടക്കയാത്രയിൽ കുറെ സിംഹളരും രാമനും സീതക്കുമൊപ്പം കൂടി. അപ്പ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന ശിലം മനുഷ്യർക്കുമാത്രമല്ല രാക്ഷസന്മാർക്കുമുണ്ട് എന്ന് ഇതിൽ നിന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. 

രാക്ഷസന്മാരേക്കാൾ ഭേദമാണ് മനുഷ്യകുലം എന്ന് തെറ്റിദ്ധരിച്ചതിനാലായിരിക്കാം അങ്ങിനെ യവർ ചെയ്തത്.  പാലക്കാടെത്തിയപ്പോൾ  അതൊരു കാടാണെന്ന് തെറ്റിദ്ധരിച്ച് രാക്ഷസകുലം രാമനെയും സീതയേയും വിട്ട് അവിടെക്കൂടാൻ സിംഹളഭാഷയിൽ തീരുമാനമെടുത്തു.

രാക്ഷസമുഖവും മനുഷ്യസ്വഭാവമുള്ള ചില ഗോത്രങ്ങളെ ഇപ്പോഴും പാലക്കാടിന്റെ ചില ഭാഗങ്ങളിൽ കാണാം.സിരിമാവോ ഭണ്ഡാരനായകെ,ചന്ദ്രിക കുമരതുംഗെ എന്നിവരെപ്പോലെ സൗന്ദര്യമുള്ളവരും എന്നാൽ രാക്ഷസഭാവമുള്ള ആളുകളെ ഇവർക്കിടയിൽ ഇപ്പോഴും കാണാവുന്നതാണ്.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ശ്രീലങ്കയിലേക്ക് കടൽകടന്ന മലയാളികളിലൂടെയാണൊ രാക്ഷസരൂപികളായ ഇവരിലൂടെയാണോ പുട്ടും നൂലപ്പവും ഇവിടെ വന്നെത്തിയതെന്ന്  ഇനിയും ഉറപ്പായിട്ടില്ല.

തിരുവനന്തപുരത്തെ മീൻ വില്പനക്ക് സമാനം പുട്ടും നൂലപ്പവും സ്ത്രീകൾ വഴിയോരങ്ങളിൽ വിൽക്കുന്നത് ശ്രീലങ്കയിലെ പ്രഭാതകാഴ്ചകളാണ്.പുട്ടിലേക്കും നൂലപ്പത്തിലേക്കും അവർ നാളികേരപ്പാലാണ് ഒഴുക്കുക.നാളികേരം ഉണക്കിയാട്ടി കൊളസ്റ്റ്രോളാക്കി അകത്താക്കുന്നത് മലയാളി മാഹാത്മ്യം. രാവിലത്തെ കഞ്ഞിയിൽ നിന്നും പലഹാരം എന്ന ആധുനികഭക്ഷരീതിയിലേക്ക് മലയാളി മാറിയിട്ട് അധികകാലമായില്ല.ഞങ്ങളുടെ നാട്ടിൽ അത് പുട്ട് എന്ന രൂപത്തിലാണ് അവതരിച്ചത്.ദോശ ഇഡലി തുടങ്ങിയ വരേണ്യതീറ്റവസ്തുക്കൾ കാണുന്നത് നഗരങ്ങളിലേക്ക് ചേക്കേറിയതിനുശേഷമാണ് .അതിന്റെ പുളിപ്പ് ആദ്യമൊക്കെ ഛർദ്ദിൽ ഉണ്ടാക്കിയിരുന്നു.പിന്നീട് എത് ഭക്ഷണത്തിലേക്കും വായും വയറും കൊണ്ടുവെച്ചുകൊടുക്കാമെന്നായി.ആധുനികമനുഷ്യന്റെ ഗുണമാണത്.എന്തിനേയും താങ്ങിക്കൊള്ളും.

ഈ ജീവിതത്തിൽ കഴിച്ച പുട്ടുകൾ,ഉരുണ്ടതും നീളത്തിലുള്ളതും വേണമെങ്കിൽ മണിപ്പുട്ടും ചേർത്തുവെച്ചാൽ എത്രയുണ്ടാവും.ഗ്വിന്നസ് പുട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയ ചിന്തയാണത്.

 വാടാനപ്പള്ളി മുതൽ തൃശൂർ വരെ,മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ,കന്യാകുമാരി മുതൽ ന്യൂഡൽഹി വരെ.
ഒന്നു തീർച്ചയാണ്  ജീവിതാസക്തിയുടെ ആഴവും പരപ്പും ഒരു ഗ്വിന്നസ് ബുക്കുകാരനും അളക്കാൻ സാധ്യമല്ല.

പുട്ടുൽസവത്തിൽ നിന്നും ഞങ്ങൾ മുഹമ്മദിന്റെ വൈത്തിരി വില്ലേജിലേക്കാണ് പോയത്,ഇതിന്റെ ഉടമയും അദ്ദേഹമാണ്.വയനാട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്ന മനോഹരമായ റിസോർട്ടാണത്.റിസോർട്ടിന്റെ പൂമുഖത്ത് ഞങ്ങൾ എല്ലാവരും മുഖാമുഖം ഇരുന്നു.വെങ്കിടി(സി.എസ്.വെങ്കിടേശ്വരൻ),ശശി(ടെലഫോൺ ശശി),രഞ്ജിനിമേനോൻ,രാജഗോപാലൻ.

ടൂറിസത്തെക്കുറിച്ചായിരുന്നു സംസാരം.കേരളത്തിലെ കൊള്ളാവുന്ന റിസോർട്ടുകാരെല്ലാം  പറയുന്നു,മലയാളി ടൂറിസ്റ്റുകളെ ആർക്കും താല്പര്യമില്ല.നാട്ടിലും വീട്ടിലും ഇടുങ്ങിജീവിക്കുന്ന അവർ മറ്റൊരിടത്തെത്തിയാൽ മനസു മാറ്റുന്നു ശരിരത്തിന്റെ ഭാഷ മാറ്റുന്നു.ഗോഡൗണിൽ ഒളിപ്പിച്ചുവെച്ച എല്ലാ തുരുമ്പും ആക്രിയും അവർ പുറത്തെടുത്ത് ഭീതിപരത്തുന്നു.ശരീരത്തിന്റെ ഉൽസവങ്ങളെ ഒളിപ്പിച്ചുവെച്ചവരാണധികവും.അതുകൊണ്ടാണല്ലോ ശരണം വിളിച്ച് കഠിനമല കയറുന്നതും പെരുത്ത ശരീരത്തിന്റെ നീരൊക്കെ അലിയിച്ചുകളയുന്നതും.അതുകൊണ്ടാണല്ലോ  സദാചാരപ്പോലീസായി ചമയുന്നതും അവഹേളിതനാവുന്നതും.

പുട്ടിലേക്ക് തിരികെ വരാം.അതാ നല്ലത്.

പുട്ടായിക്കൊള്ളട്ടെ,ദോശയായിക്കൊള്ളട്ടെ,ഇഡലിയായിക്കൊള്ളട്ടെ എന്തുമായിക്കൊള്ളട്ടെ.ഭക്ഷണം ഭക്ഷണമാവുന്നത് മനുഷ്യർ മനുഷ്യനാവുമ്പോളാണ്.
ഹോസ്പിറ്റാലിറ്റി ബിസിനെസ് എങ്ങിനെയായിരിക്കണം എന്നാണ് ഞങ്ങൾ വൈത്തിരി വില്ലേജിൽ ഇരിക്കുമ്പോൾ ഞങ്ങൾ ആലോചിച്ചത്.

ആതിഥേയന്റെ  ഹൃദയ വിശാലതയോടേ വൈത്തിരി വില്ലേജിലേക്ക് ഞങ്ങളെ സ്വീകരിച്ച എൻ.കെ.മുഹമ്മദിന് നന്ദി.


Wednesday, January 14, 2015

പതിനാറിന്റെ പ്രിയ തോഴൻപൂനം റഹീം 
 സുപരിചിതമായ ഒരു പേരും പ്രസ്ഥാനവുമാണ്, ഞങ്ങൾ  തൃശൂർക്കാർക്കെങ്കിലും. കൊട്ടകകളും സിനിമകളും വിദൂരസ്വപ്നങ്ങളായ ഗ്രാമങ്ങളിൽ   പതിനാറു എം.എം.പ്രൊജക്ടർ വെച്ച് പടമോടിച്ചതും ഗ്രാമീണരും നിർദ്ദോഷികളുമായ ജനങ്ങളെ വഷളാക്കിയതും ചില്ലറ കാര്യമല്ല.പഞ്ചവൽസരപദ്ധതി പോലെ വർഷങ്ങൾ നീണ്ടുനിന്ന ഒരു വിനോദ പരിപാടിയായിരുന്നു അത്.

 പതിനാറു എം.എം.പ്രൊജക്ടറിൽ  രണ്ടുരണ്ടരമണിക്കൂർ സിനിമ ഓടിക്കുക എന്നത് സാധാരണക്കാരായ മനുഷ്യർക്കു പറ്റുന്ന ചെറിയ കാര്യമല്ലെന്ന് പ്രത്യേകം ഓർക്കുക.പതിനാറിനടുത്തുള്ള പിള്ളാരെ നേർവഴിക്ക് നടത്താൻ കഴിയാത്തതുപോലുള്ള ഒന്ന്. ഫിലിം സൊസൈറ്റി പ്രവർത്തകരോടു ചോദിച്ചാൽ അറിയാം പതിനാറു എം.എം. പ്രൊജക്ടറിന്റെ തനിസ്വഭാവം.കുംഭമാസ  നിലാവുപോലെ കുമാരിമാരുടെ ഹൃദയം എന്ന വയലാർ സംഗീതത്തിലെ ഉപമ 16 എം.എം പ്രൊജക്ടറിനും നന്നായി ചേരും. എപ്പോൾ എന്തും ചെയ്യാൻ മടിയില്ലാത്ത  കുസ്രുതിക്കുട്ടിയെപ്പോലെയാണിവൾ.

സ്പ്രിംഗ് വലിയുക,ബൾബിന്റെ ഫ്യൂസ് പോകുക,കത്താതിരിക്കുക,പ്ലഗ്ഗിൽ നിന്നും പവർ എടുക്കാതിരിക്കുക, കുമിഞ്ഞുകത്തി കത്തുക, ചിത്രം വരും സൗണ്ട് വരില്ല,സൗണ്ട് വന്നാൽ ചിത്രം വരില്ല,എല്ലാം കൂടി വന്നാൽ ഫിലിം പാളം തെറ്റും. ഇങ്ങനെ പോകുന്ന യന്ത്രത്തിന്റെ   സ്വാഭാവിക വികൃതികൾ.സ്പൂളിൽ നിന്നും ഫിലിം താഴേക്ക് പതിക്കുക എന്നത് സ്ഥിരം പരിപാടിയാണ്.തിരിച്ചതിനെ സ്പൂളിൽ കയറ്റുക എന്നത് സിനിമ നിർമ്മിക്കുന്നതിനേക്കാൾ വലിയ പണിയാണ്.ഇതൊക്കെ ചെയ്യുന്നത് വലിയൊരു സദസ്സിനെ സാക്ഷിനിർത്തിക്കൊണ്ടായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ.

വാടാനപ്പള്ളിയിൽ തിരിഞ്ഞുകളിക്കുമ്പോൾ വെറും തോന്നലിൽ ഒരു പതിനാറു എം.എം. പ്രൊജക്ടർ വാങ്ങി,സെൽഫ് എംബ്ളോമെന്റ് സ്കീം അഥവ സ്വയം തൊഴിൽ കണ്ടെത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണത് സംഭവിച്ചത്.സിനിമയോടിക്കുന്ന, സിനിമയെ ഓടിപ്പിക്കുന്ന ഈ യന്ത്രം കൊണ്ട് എംബ്ലോയ്മെന്റെങ്ങിനെ ഉണ്ടാക്കും എന്ന ഉദ്യോഗസ്ഥന്മാരുടെ ചോദ്യാവലിക്കുമുന്നിൽ നുണകളുടെ കൂമ്പാരം ഉണ്ടാക്കിയാണ് പ്രൊജക്ടർ പാസ്സാക്കിയെടുത്തത്. നിർമ്മാതാവിനെ വീഴ്ത്തുന്ന സംവിധായകന്റെ മികവോടെയായിരുന്നു നുണക്കഥകൾ മെനഞ്ഞെടുത്തത് എന്നു വേണമെങ്കിലും പറയാം.ഉദ്യോഗസ്ഥരെ പറ്റിക്കാനായി  ചില ഗൂഢ പദ്ധതിയുമായി സുഹൃത്ത് ഗഫൂറും മറ്റു പലരും അവിടെയുണ്ടായിരുന്നു.
അന്ന് വായ്പ എടുത്തവർ ആരും  തിരിച്ചടക്കാതിരിക്കുക മാത്രമല്ല  വീട്ടിലൊ റോഡുവക്കിലോ വെച്ച് ഇതേപ്പറ്റി സംസാരിച്ച മാനേജരെ വിരട്ടിയോടിക്കുക കൂടി ചെയ്തുകൊണ്ടിരുന്നു,അന്ന് കരി ഓയിൽ വിപണിയിൽ ലഭ്യമായിരുന്നില്ല.കടം തിരിച്ചു ചോദിക്കുന്നവരെ തിരിച്ചോടിക്കുക നല്ല വിനോദമാണെന്ന് അന്നേ തോന്നിയിരുന്നു.ഇതേ കാരണത്താൽ ബാങ്ക് മാനേജർമാർക്ക് വിലയിടിവും ഈ മേഖലയിൽ സംഭവിച്ചു.നാട്ടുകാരുടെ തല്ലുകൊള്ളുന്നവർ തെറികേൾക്കേണ്ടവൻ എന്ന നിലയിൽ അവർക്ക് പെണ്ണുപോലും കിട്ടാതെയായി.അതൊരു രക്ഷയുമായി ചിലർക്ക്.അവിവാഹിതരായി സന്തുഷ്ടരായി നടക്കുന്ന ബാങ്ക് മാനേജർമാരെ ഇപ്പോഴും ഈ മേഖലയിൽ കാണാം.


 റജിസ്ട്രേഡ് കത്തയച്ചോ നാട്ടുകാരോടു പറഞ്ഞോ ബാങ്കിൽ നിന്നും യാതൊരു പ്രകോപനമുണ്ടാവത്ത അവസരങ്ങളിൽ ബാങ്കിനുമുന്നിൽ പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ബാങ്കുകാരെ ഉണർത്തും.വേണമെങ്കിൽ  ഒന്നു മുട്ടാം എന്നൊരു ഹൂങ്കായിരുന്നു അന്ന്.ബാങ്ക് മാനേജർമാരോടു മാത്രമല്ല ആരോടും.
വാടാനപ്പള്ളിയിലേക്ക് സ്ഥലമാറ്റം കിട്ടാതിരിക്കാനായി ബാങ്ക് മാനേജർമാർ നേർച്ച നേർന്നും മുകളിലെ കാലുകളിൽ അള്ളിപ്പിടിച്ചും പരിശ്രമം ചെയ്തുപോരികയും ചെയ്തു.ബാങ്ക് മാനേജർമാർക്കു പോലും സ്വൈര്യമായി ജീവിക്കാൻ പറ്റാത്ത ഒരു നാടിനെ ആലോചിച്ചുനോക്കൂ.

അന്ന് വാടാനപ്പിള്ളി നക്സലൈറ്റുകളുടെ കേന്ദ്രമെന്നാണ് അറിയപ്പെട്ടിരുന്നത്,ആന്ധ്രയിലെ കൊണ്ടപ്പിള്ളി പോലൊരു സ്ഥലം.ലോൺ അടക്കാത്തവരെ നക്സലൈറ്റ് എന്ന് റിപ്പോർട്ടെഴുതി മുകളിലേക്കയച്ച് മാനേജർമാർ മേലുദ്യോഗസ്ഥന്മാരെ മുൾമുനയിൽ നിർത്തി.റിസ്ക് അലവൻസ് ഈ മേഖലയിലെ മാനേജർമാർ വാങ്ങിയിരുന്നു എന്നും കേട്ടുകേൾവിയുണ്ടായിരുന്നു. ബാങ്ക് മാനേജർമാരുടെ ദയാദാക്ഷിണ്യത്തിൽ തീവ്രവാദികളായവർ ഈ മേഖലയിൽ ഒരു പാടുണ്ട്.സ്വയം തൊഴിൽ പദ്ധതിയിൽ ജാമ്യം വാങ്ങരുതെന്നും  സർക്കാർ നിബന്ധന ഉണ്ടായിരുന്നു.ആയതിനാൽ ജപ്തിയും പേടിക്കേണ്ടതില്ലായിരുന്നു.ലോണെടുത്താൽ രണ്ടുണ്ട് കാര്യം.എല്ലാം രസകരമായിരുന്നു അന്നൊക്കെ.ലോൺ എടുക്കുന്നതും അടക്കാതിരിക്കുന്നതും കോടതിയും കേസാവുന്നതുമൊക്കെ.

നാടകവും സമരവും ചുമരെഴുത്തും പോസ്റ്ററൊട്ടിക്കലും ഒന്നുമില്ലാതെ ഇരിക്കുമ്പോളാണ് ഒരു ഫിലിം സൊസൈറ്റി തുടങ്ങിയാലോ എന്ന ചിന്ത കടന്നുവരുന്നത്.മന്ദബുദ്ധികളുടെ അവസാന ആശ്രയം രാഷ്ട്രീയം എന്ന പഴഞ്ചൊല്ലുപോലെ   ബുദ്ധിജീവി(?)കളുടെ അവസാന ആശ്രയമാകുന്നു സിനിമയും ഫിലിം സൊസൈറ്റികളും എന്നത് പുതിയചൊല്ലാണ്. ഞങ്ങൾ കുറെപേർ ബോധികോളേജിലെ ഉറപ്പുള്ള ബെഞ്ചുകൾ കൂട്ടിയിട്ടിരുന്ന്  ബുദ്ധിപൂർവ്വം ചിന്തിച്ചു.വിശ്വൻ മാഷും വിദ്യാധരനും രമേഷും സുകുവേട്ടനും ഗഫൂറും പ്രകാശനും ജോയ് മാത്യുവുമൊക്കെയായിരുന്നു ആ ചിന്താപരിസരത്തുണ്ടായിരുന്നത്.ജഡ്ജിയുടെ കസേരയിൽ അമർന്നിരിക്കുന്ന വിദ്യനും സിനിമാ സെറ്റിൽ ചായതേച്ച് ഷോട്ട്  റെഡിയാവാൻ കാത്തിരിക്കുന്ന  ജോയിയും ഇതൊക്കെ ഇപ്പോൾ ആലോചിക്കുന്നുണ്ടൊ ആവോ. അങ്ങിനെ സ്ക്രീൻ ഫിലിം സൊസൈറ്റി ഉണ്ടായി.

ആദ്യത്തെ പടം റഷ്യയിൽ നിന്നുള്ള പുഡോവ്കിന്റെ മദർ ആക്കാനും തീരുമാനിച്ചു.അന്നൊക്കെ വെറുതെ റഷ്യയിലേക്ക് നോക്കിയിരിക്കുന്ന സമയമായിരുന്നു.റക്ഷ്യ പൊളിഞ്ഞത് ഞങ്ങൾക്കാണ് ഗുണകരമായത്.മറ്റു വല്ലോടത്തേക്കും നോക്കാൻ ധാരാളം സമയം കിട്ടി. 

നാടുനീളെ പോസ്റ്റർ ഒട്ടിച്ചു. കയ്യക്ഷരം നന്നായത് അങ്ങിനെയായിരുന്നു.ജോൺ അമ്മ അറിയാനിലേക്ക് വഴുതിവീണ കാലം കൂടിയായിരുന്നു അത്.ആയതിനാൽ നമ്മളും കുറയരുതല്ലോ, റഷ്യയിൽ നിന്നുള്ള അമ്മ തന്നെയാവട്ടെ എന്ന തീരുമാനമുണ്ടാവുന്നത്.കവിയൂർ പൊന്നമ്മയോ സുകുമാരിയൊ അടൂർ ഭാവാനിയോ മീനയോ ഒന്നുമായിരുന്നില്ല ഞങ്ങൾ ആർട്ട് സിനിമക്കാരുടെ  അമ്മ.മാർക്സിം ഗോർക്കിയുടെയും പുഡോവ്കിന്റേയും അമ്മയായിരുന്നു.ആ സിനിമ കളിച്ചത്  നല്ലൊരു തുടക്കമായി എന്ന് ഇന്നും തോന്നുന്നുണ്ട്.

പതിനാറു എം.എം.എന്ന കുസ്രുതിയാണ് പൂനം റഹീമുമായി കൂട്ടിമുട്ടാൻ കാരണം.അന്ന് വിദേശ എംബസി വഴി കിട്ടുന്ന സിനിമകളായിരുന്നു ഫിലിം ഫെഡറേഷൻ  ഫിലിം സൊസൈറ്റികൾക്കു  നൽകിയിരുന്നത്.അതിൽ പലതും കാണിക്കാൻ കൊള്ളാത്തവയും കാണാൻ കൊള്ളാത്തവയും ആയിരുന്നു.ചാക്കുനിറയെ ഫിലിം അവർ കൊടുത്തയക്കും.അതിൽ നിന്നും തെരഞ്ഞെടുത്തവ ഞങ്ങൾ കാണിക്കും.പലപ്പോഴും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ആയിരിക്കും.ഞങ്ങളുടെ സ്വന്തം ബോധി കോളേജോ അല്ലെങ്കിൽ ഞങ്ങളുടേതല്ലാത്ത മറ്റു സ്കൂളുകളോ ആയിരിക്കും വേദികൾ.സ്വന്തമായി ഒരമ്പലവും അനവധി ദൈവങ്ങളുമുള്ള പാപ്പുണ്ണിയാശാന്റെ അടുത്ത് സിനിമാ പിരിവിന് ചെന്നപ്പോൾ എങ്ങിനെയുള്ള സിനിമകളാണ് പ്രദർശിപ്പിക്കുക എന്ന ചോദ്യത്തിന് കാഞ്ചനസീത പോലുള്ള ഭക്തിരസം തുളുമ്പുന്ന സിനിമകളെന്ന് നുണ പറഞ്ഞതും ആ സിനിമ കാണാൻ  ആ സ്വാത്വികൻ  വന്നതും കണ്ടതിനുശേഷം പറഞ്ഞ തെറികളും  കാതിൽ നീക്കം ചെയ്യാൻ പറ്റാത്ത അഴുക്കായി ഇപ്പോഴും കിടക്കുന്നുണ്ട്.ചില തെറികൾ അങ്ങിനെയാണ് കാമുകിയുടെ  വാക്കിനേക്കാൾ അതിജീവിക്കും.

ഫെസ്റ്റിവൽ കഴിഞ്ഞാൽ  സാസ്കാരികഭാരം ഇറക്കിവെച്ച ഒരു അനുഭൂതിയാണ് കുറെ നാളത്തെക്കെങ്കിലും.പതിനാറു എം.എം.സിനിമാ പ്രദർശനം ശരിക്കും ഒരു ഭാരമായിരുന്നു.
പുതിയ കാലത്തെ സീഡി,ഡിവിഡി സഹോദരങ്ങൾക്ക് സ്തുതി.

പതിനാറു എം.എം.രസങ്ങളും ധാരാളമായി ഉണ്ടായിട്ടുണ്ട്.
എല്ലാ സിനിമകൾക്കും അവർ വരാറുണ്ട്.ഒരു ടീച്ചറും ടീച്ചറല്ലാത്ത ഭർത്താവും ഒരു പെൺകുട്ടിയും.കടകടാ ശബ്ദമുണ്ടാക്കുന്ന പ്രൊജക്ടറിനെതിരെ വലിച്ചുകെട്ടിയതും കാറ്റിൽ ഉലയുന്നതുമായ സ്ക്രീനിലേക്ക് നോക്കി അവർ പുതുപുത്തൻ ലോകങ്ങളെ നിരന്തരം കണ്ടുപിടിച്ചുകൊണ്ടിരുന്നു.ഒരിക്കൽ ഫാസ് ബിന്ദറിന്റെ ഫെസ്റ്റിവൽ നടക്കുകയാണ്.മെർച്ചന്റ് ഒഫ് ഫോർസീസൺ,ഫിയർ ഈറ്റ്സ് ദി സോൾ,നോറ തൂടങ്ങിയ സിനിമകളാണന്ന് ഉണ്ടായിരുന്നത്.ജർമ്മനിയിലെ പുലിയാണ് ഫാസ് ബിന്ദർ.ജീവിച്ച മുപ്പത്തിയാറുവയസിൽ വയസിന്റെ എണ്ണത്തേക്കാൾ സിനിമയെടുത്ത് ഫിലിം സൊസൈറ്റിക്കാരായ ഞങ്ങളെ ബുദ്ധിമുട്ടിച്ച കക്ഷിയാണ്.ഇത്രേം പടങ്ങൾ കളിച്ചുതീർക്കേണ്ടതുണ്ടല്ലോ,എന്തുചെയ്യാം ഫിലിം സൊസൈറ്റിക്കാരല്ലെ.ജർമ്മനിയിലിരുന്ന് ഇങ്ങ് വാടാനപ്പള്ളിയിലിരിക്കുന്ന താടിയും മുടിയും നീട്ടിവളർത്തിയ ഞങ്ങളെ ടിയാൻ കൈകാര്യം ചെയ്യുന്നത് ആലോചിച്ചുനോക്കൂ.വീഡിയോ കാമറ ഓൺ ചെയ്ത് വെച്ച്  ആത്മഹത്യ ഷൂട്ട് ചെയ്യാൻ വേണ്ട ഭ്രാന്തുണ്ടായിരുന്നു ഫാസ് ബിന്ദറിന്.ആ ഭ്രാന്ത് തന്നെയായിരുന്നു ഇത്രയധികം സിനിമക്കുള്ള ഊർജ്ജം അദ്ദേഹത്തിനു നൽകിയത്.
സിനിമയിൽ നിന്നും സെക്സ് അദ്ദേഹം മാറ്റിവെച്ചിരുന്നില്ല.അത്രയധികമായിരുന്നു ഫാസ്ബിന്ദർ സിനിമകളിലെ ലൈംഗീകത.സെക്സ് സീൻ വരുന്നേരം ടീച്ചറും  ഭർത്താവും കൂടി  മകളുടെ തല പിടിച്ച് മുന്നിലേക്ക് താഴ്ത്തും. ഇത് പലകുറി ആവർത്തിക്കേണ്ടിവന്നിരുന്നു.ഒരു സെക്സ് സീനിൽ ലയിച്ചുപോയപ്പോൾ മകളുടെ തലപിടിച്ച്താഴ്ത്താൻ അമ്മയും അച്ഛനും മറന്നുപോയി.അന്നേരം മകൾ ഓർമ്മിപ്പിച്ചു,അമ്മേ എന്റെ തല.അപ്പോളാണ് അമ്മയുമച്ഛനും ആ സീനിൽ നിന്നും പാതിയെങ്കിലും  ഉണർന്നത്.


സിനിമകളില്ലാത്ത ഒഴിവുവേളകളിൽ ചെറിയ ചെറിയ പീസുകളിട്ട്  വാടാനപ്പിള്ളിയിൽ വാച്ച് കട നടത്തുന്ന സുകുവേട്ടൻ പ്രൊജക്ടറിനെ ജീവൻ വെപ്പിച്ചുകൊണ്ടിരിക്കും.പീസ് എന്നതിന് ഷോർട്ട് ഫിലിം എന്ന് സഭ്യമായി വായിക്കുക.ഒരു ഫെസ്റ്റിവൽ കഴിഞ്ഞാൽ ജീവനില്ലാത്ത നാളുകളാണ് പ്രൊജക്ടറിന് വീണ്ടും.സുകുവേട്ടന്റെ വാച്ചുകമ്പനിയുടെ പൊടിപിടിച്ച മൂലയിലിരുന്നു പലതരം  സിനിമകൾ തന്നെ ചുറ്റിവരിയുന്നത് പതിനാറു എം.എം.കാരി സ്വപ്നം കാണുന്നതു പോലെ എനിക്കു തോന്നും.

ഈ പുതുപുത്തൻ പതിനാറു എം.എം.കാരിയെ ഒരാൾ കുറച്ചകലെയിരുന്ന് ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.മുറിബീഡിയുമായി വേലിമണ്ടയിലിരുന്ന് ജയഭാരതിയെ വെള്ളമിറക്കുന്ന കെ.പി.ഉമ്മറിനെപ്പോലെ. അത് പൂനം റഹീം ആയിരുന്നു.മറ്റു പടങ്ങൾ ഇല്ലാത്ത കാലങ്ങളിൽ ഞങ്ങൾ റഹീമിന്റെ ഗോഡൗണിൽ പോയി ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ ,കബനീ നദി ചുവന്നപ്പോൾ,അന്യരുടെ ഭൂമി,ഓളവും തീരവും എന്നീ സിനിമകളുടെ പെട്ടികൾ ഏതെങ്കിലും തപ്പിയെടുക്കും.റഹീം 250 പറയും ഞങ്ങൾ 100 തിരിച്ചുപറയും.അതും കൊടുത്തെങ്കിലായി.പ്രിന്റുകളുടെ പൊടി തട്ടിക്കളഞ്ഞുകിട്ടുമല്ലോ എന്ന് പൂനവും ആശ്വസിച്ചുകാണും.

പൂനവുമായി പ്രണയത്തിലായ എന്റെ പതിനാറു എം.എം.കാരി പൂരപ്പറമ്പിലും പള്ളിപ്പറമ്പിലും മറ്റു നാട്ടുമൂലകളിലുമൊക്കെ അടിയും ഇടിയും ബലാൽസംഘവും ഭക്തിയുമുള്ള സിനിമകളെ ശരീരത്തിലൂടെ കയറ്റിയിറക്കി. ഗോദാർദ്ദ്,ഫെല്ലിനി,ആന്റോണിയോണി,റോബർട്ട് ബ്രസൻ ,ലൂയി ബുനൂവൽ തുടങ്ങിയ ലോകക്ലാസിക്കുകളുമായുള്ള ചങ്ങാത്തത്തിലൂടെ കൈവന്ന ബുദ്ധിജീവി ക്യാരക്ടർ   കമേർസ്യൽ കൂട്ടുകെട്ടിലൂടെ നമ്മുടെ മധുരപ്പതിനാറുകാരിക്ക്  നഷ്ടമായി. 

കള്ളിയങ്കാട്ട് നീലി രമണൻ കുമാരസംഭവം സ്വാമി അയ്യപ്പൻ തുലാഭാരം ഭക്തകുചേല ആട്ടക്കലാശം നിറക്കൂട്ട് രാജാവിന്റെ മകൻ  കടൽപ്പാലം  നാടുവാഴികൾ  തുടങ്ങിയ തട്ടുപൊളിപ്പൻ സിനിമകളെ വരിച്ച് അവൾ ഒന്നിനുംകൊള്ളാത്തവളായി. പൊട്ടിപ്പൊളിഞ്ഞ ആർട്ടുഫിലിമുകളെ അവൾ അകറ്റാൻ തുടങ്ങി.ഫിലിം തലങ്ങനെയും വിലങ്ങനേയും  പൊട്ടിച്ചും സ്പ്രിംഗിനെ അയച്ചും സ്പൂളിൽ നിന്നു തെന്നിമാറിയും ശബ്ദം അടക്കിവെച്ചും വെളിച്ചം വിതറാതെയും അവൾ അത് പ്രകടമാക്കി.

നല്ല മേനിയിലുള്ള കമേർസ്യൽ സിനിമകളെ  വാരിപ്പുണർന്ന് വർണ്ണങ്ങൾ വിടർത്തി  ഒരു മദാലസയെപ്പോലെ അവൾ പരിലസിക്കുകയും ചെയ്തു.
മേൽപ്പറഞ്ഞ സിനിമകൾക്കു പുറമെ ചില ആർട്ട് ഫിലിമുകളും പൂനത്തിന്റെ   ഗോഡൗണിൽ ഉണ്ടായിരുന്നു.തകര ചില്ല് ഏകാകിനി യവനിക  മണ്ണിന്റെ മാറിൽ  എന്നിങ്ങനെ.ഞങ്ങളെപ്പോലുള്ള ഫിലിം സൊസൈറ്റി ജീവികളെ പൂനം കൈകാര്യം ചെയ്തത് ഈ സിനിമകളെ മുൻനിർത്തിയാണ്.ജനശക്തി ക്ഷയിച്ചപ്പോൾ അവരുടെ സിനിമകളെല്ലാം റഹീം ആക്രിവിലക്ക് വാങ്ങി ഗോഡൗണിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു.


മുയലിന്റെ കാട്ടം പെറുക്കുന്ന രവിമേനോനെയും മൂക്കുപൊത്തി ദേഷ്യപ്പെടുന്ന ശോഭയേയും എത്രചുറ്റു കണ്ടിരിക്കുന്നു ഏകാകിനി എന്ന സിനിമയിൽ.
പൂനത്തിന്റെ കയ്യിൽ നിന്നും കിട്ടിയ ഓളവും തീരവും എന്ന സിനിമ പലവട്ടം സ്വകാര്യമായി ഇട്ടുകണ്ടിട്ടുണ്ട്.പൂനം അറിയാതെയാണത് ചെയ്യുക.ഒറ്റ ഷോക്കാണ് പൂനത്തിന്റെ ബിൽ.
അതിലെ വയ്യെയെനിക്ക്……….എന്ന മാപ്പിളപ്പാട്ട് പോലൊന്ന് പിന്നീട് കണ്ടിട്ടില്ല.പാട്ടും ദൃശ്യവും ഒരു പോലെ മനോഹരമാണ്.ഞങ്ങളുടെ നാട്ടുകാരായ ചാമക്കാല അബൂബക്കറും സംഘവുമാണ് ഈ പാട്ട് തകർത്തുപാടിയത്.  കെടാമംഗലം അലിയും കൂട്ടരും അത്  അഭിനയിച്ചു തകർക്കുകയും ചെയ്തു.മാപ്പിളപ്പാട്ടിന്റെ അഞ്ചു ശൈലികളിലേക്ക്   ഈ പാട്ട് വികസിക്കുന്നുണ്ട്.മച്ചാട് വാസന്തി പാടിയ   ഈ സിനിമയിലെ  മണിമാരൻ തന്നത് എന്ന പാട്ടും എന്റെ  16 എം.എം. ഓർമ്മകളെ പുതിക്കിപ്പണിയുന്നതാണ്.


ഒരിക്കൽ ഓട്ടോറിക്ഷയിൽ  കയറിപ്പോയാൽ പതിനാറുകാരി തിരികെ  വരുന്നത് ദിവസങ്ങൾക്കുശേഷം ക്ഷീണിച്ചവശയായിട്ടാണ്.സുകുവേട്ടൻ അതിനെ അകവും പുറവും എണ്ണയും കുഴമ്പും തേച്ച് മിനുക്കിയെടുക്കും,പിന്നെ പീസോടിക്കും.വീണ്ടും പറയുന്നു പീസ് എന്നാൽ ഷോർട്ട് ഫിലിം.

പൂനം റഹീം സിനിമയും നാടകവും ഗാനമേളയും മിമിക്രിയുമായി കടന്നു ചെല്ലാത്ത ഇടങ്ങൾ കുറവാണ്.അല്ലാത്തിടത്തൊക്കെ ജനകീയ പ്രശ്നങ്ങളും പ്രതികരണവേദിയുമായി എത്തും.പ്രതികരിക്കുക എന്നൊരു പുറത്തുപറയാൻ കൊള്ളുന്ന അസുഖവും  റഹീമിനുണ്ടായിരുന്നു.ചൂതാട്ടവിരുദ്ധ സമരം കാബറേ വിരുദ്ധ സമരം ഈ ലിസ്റ്റിലുണ്ട്.കാബറെക്കാരെ തൃശൂരിൽ നിന്നൊടിച്ചതിന് പൂനത്തിനോടുള്ള വിരോധം നാട്ടുകാർക്കിപ്പോഴും തീർന്നിട്ടില്ല.ചൂതാട്ടക്കാർ പോകുന്നെങ്കിൽ പോകട്ടെ.

16 എം.എം. സിനിമാ പ്രദർശനങ്ങൾക്ക് പൂനം റഹീം.എന്ന പരസ്യം കാണാത്തവർ തൃശൂർ മലപ്പുറം ദേശത്ത് ജനിക്കാത്തവരോ അതിനു സാദ്ധ്യതയില്ലാത്തവരോ ആയിരിക്കും.ചൊറിക്കും ചിരങ്ങിനും ജാലിംലോഷൻ എന്നൊരു പരസ്യമായിരുന്നു ഇതിനുമുമ്പേ ഇമ്മട്ടിൽ കണ്ട മറ്റൊരു പരസ്യം.ചൊറിയൽ മലയാളിയുടെ സഹജസ്വഭാവമെന്നും മാറ്റാൻ പറ്റുന്നതല്ലെന്നും മനസിലാക്കിയ കമ്പനി പൂട്ടി അന്യസംസ്ഥാനത്തേക്ക് പറപറന്നു.

 സ്ക്രീൻ പ്രിന്റിംഗിന്റെ പ്രാഗ് രൂപമായ സ്റ്റെൻസിൽ  കൊണ്ടാണ് റഹീം മതിലായ മതിലുകളിലും തൂണായ തൂണിലും മൂത്രപ്പുരയുടെ ചുമരുകളിലുമെല്ലാം തന്റെ പരസ്യം പതിച്ചത്.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം റഹീം ഭഗവാൻ പരസ്യം വരച്ചു കളിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ,ടെലെഫോൺ പോസ്റ്റുകൾ,റോഡിൽ കൂട്ടിയിട്ട പൈപ്പുകൾ,കാബിളുകൾ,തൈപ്പൂയ്യത്തിനാടുന്ന കാവടികൾ,നാലോണത്തിനിറങ്ങുന്ന പുലികളുടെ പിന്നാമ്പുറം……..

പൂനത്തിന്റെ സ്റ്റെൻസിൽ പതിയാത്ത പുറങ്ങളില്ല.ശൂന്യതകളെ  തൂർക്കുന്ന മാലാഖയായി പൂനം റഹീം മാറി.ഒഴിഞ്ഞ ഒരിടവും ഭൂമിയിൽ ബാക്കിവെക്കില്ലെന്ന വാശിയിൽ റഹീം സ്റ്റെൻസിലും കരി ഓയിലുമായി സഞ്ചരിച്ചു.വലിയ മനുഷ്യശരീരങ്ങൾക്കുപോലും തേക്കിൻ കാട് മൈതാനത്ത് ഒന്നുമയങ്ങാൻ പോലും പേടിയായി റഹീമിന്റെ ഈ സ്റ്റെൻസിൽ സഞ്ചാരത്തിൽ.
 ഉറങ്ങുന്ന ആനയുടെ പള്ളയിലും രാത്രിയിൽ ചുമരാണെന്ന് തെറ്റിദ്ധരിച്ച് പരസ്യം സ്റ്റെൻസിൽ ചെയ്തുവെന്നത് സ്ഥിരീകരിക്കാത്ത കഥകളാണ്.സ്റ്റെൻസിൽ എന്ന മാദ്ധ്യമത്തെ ഇത്രക്ക് പ്രയോജനപ്പെടുത്തിയ മറ്റൊരാൾ ഭൂലോകത്ത് ഉണ്ടാകാനിടയില്ല.ന പ ചെലവില്ലാതെയാണ് ഇതൊക്കെ എന്നതാണ്  എടുത്തുപറയേണ്ടത് .

വാൽക്കഷ്ണം:
അമേരിക്കയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷനായിരുന്നു സ്കൈലാബ്. ശൂന്യാകാശജീവിതം ബോറടിച്ച് സ്കൈലാബ് സ്വയം പൊട്ടിത്തെറിക്കുകയും അത് എവിടെയും വീഴാം എന്ന പേടിയിൽ ലോകമാസകലം മനുഷ്യർ പ്രത്യേകിച്ച് മലയാളികൾ തലയിൽ കൈചൂടി നടന്ന കാലം. ഭാഗ്യത്തിനത് പറത്തിവിട്ട രാജ്യത്തിന്റെ തലക്ക് മേലെ തന്നെയാണ് അത് വന്നു പതിച്ചത്.ചെത്താൻ കയറിയ ഞങ്ങളുടെ ബാലേട്ടൻ ഒരെത്തം കേട്ട് തെങ്ങിൽ നിന്നു ഗുരുതരമായി വീണതും നിസാരമായ പരിക്കേറ്റതും സ്കൈലാബ് എന്നു പേരു ശിഷ്ടജീവിതത്തിനൊപ്പം ചാർത്തിക്കിട്ടിയതും  മാത്രം മിച്ചം.


സ്കൈലാബിന്റെ  കഷണം പതിച്ചത് നോർത്തേൺ കാനഡയിലായിരുന്നു.പതിവുപോലെ അവശിഷ്ടം പരിശോധിക്കാൻ ആകാംക്ഷരായ ശാസ്ത്രലോകവും കുതുകികളായ പത്രലോകവും അഞ്ജരായ മനുഷ്യരും അവിടെ ഓടിക്കൂടി.മറിച്ചിട്ടും തിരിച്ചിട്ടും അവർ ദിവസങ്ങളോളം  പരിശോധിച്ചു,തൊട്ടുനോക്കി,മണപ്പിച്ചു. പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ലെങ്കിലും പ്രാകൃതമായ  ഭാഷയിൽ എഴുതപ്പെട്ട ചില വാക്കുകൾ അവരുടെ കണ്ണിൽപ്പെട്ടു.പുറപ്പെടുമ്പോൾ ഇതൊന്നുമുണ്ടായിരുന്നില്ലെന്നതും പരിചയമില്ലാത്ത ലിപിയുടെ സാന്നിദ്ധ്യവും പൊതുവേ സംശയരോഗത്തിനടിമയായ അമേരിക്കയെ  ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി.വിവിധ രാജ്യങ്ങളിൽ നിന്നും ഭാഷാഭിഷ്വങ്കരന്മാരെത്തി പരിശോധിക്കുകയും ഇതെന്ത് ഭാഷ എന്ന് ആശങ്കപ്പെട്ട് സ്പേസിലേക്ക് നോക്കി  മൂക്കത്ത് വിരൽ വെക്കുകയും ചെയ്തു.

ഒരെത്തും പിടിയും കിട്ടാതെ അലോസരപ്പെട്ടിരിക്കുമ്പോഴാണ് നാനത്വത്തിൽ ഏകത്വം  എന്ന മിനിമം പരിപാടിയുമായി കഴിയുന്ന ഒരു രാജ്യം ലോകത്തുണ്ടെന്നും അവിടേക്ക് അന്വേഷണം നീട്ടാനും നാസ തീരുമാനിച്ചത്. എഴുതിവെക്കപ്പെട്ട ഭാഷ ആ ഇന്ത്യാമഹാരാജ്യത്ത് കോണാൻ പോലെ കിടക്കുന്ന മലയാളമാണെന്ന് ഒടുവിൽ തീരുമാനിക്കപ്പെട്ടു. എഴുത്തച്ഛൻ മലയാളമാണെന്നും ചിലർ വാദഗതി ഉന്നയിച്ചു.എന്തായാലും അതിൽ വായിക്കപ്പെട്ടത് ഇപ്രകാരമായിരുന്നു,
16 എം.എം.സിനിമാ പ്രദർശനത്തിന് പൂനം റഹീം റൂബി ലോഡ്ജ് തൃശൂർ. 

(ഈ  അപസർപ്പകകഥ ചമച്ചത് ആരെന്നതിന് ഇതേവരെ തെളിവുകിട്ടിയിട്ടില്ല)

Monday, October 27, 2014

ഒരു കള്ളനാവുക എന്നു വെച്ചാൽ..............


കുട്ടിക്കാലത്ത് ഓണം വരുന്നതുപോലെയായിരുന്നു അത്. അത്രക്ക് ആഹ്ളാദമായിരുന്നു.അതുവരെ അതൊക്കെ കഥകളായോ കേട്ടുകേൾവികളായോ മാത്രം കേട്ടറിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു.ഇതിപ്പോൾ നേരിൽ വന്നു ചേർന്നിരിക്കുന്നു,തൊട്ടുതൊട്ടില്ല എന്ന മട്ടിൽ.  ഭാവനയിൽ സങ്കല്പിച്ചെടുത്ത ഒരു രൂപം അന്നുണ്ടായിരുന്നു.കറുത്ത നിക്കറിട്ട് ദേഹമാകെ എണ്ണയിട്ട് വഴുവഴപ്പുള്ള ശരീരവുമായി രാത്രിസഞ്ചാരം നടത്തുന്ന കറുത്ത് കുറുകിയ ശരീരം.ആരും നേരിൽ കണ്ടില്ലെങ്കിലും ഇങ്ങിനെയൊക്കെയായിരുന്നു മനസിലിട്ട് പെരുക്കിയെടുത്ത സങ്കല്പ തസ്കര മഹാരൂപം.ഇപ്പോ ഇരുട്ടിന്റെ മറയിൽ വന്നുനിന്ന് ഞാനിതാ എത്തി എന്ന്അടയാളങ്ങൾ കാട്ടി ഞങ്ങളെ വിരട്ടിയിരിക്കയാണവൻ.ശേഖരേട്ടൻ എന്നയാളുടെ ഓലകൊണ്ട് മറയും മേൽക്കൂരയും കെട്ടിയ വീടിന്റെ വാതിൽ  കെട്ടിയടക്കാനുള്ള കയർ അരിഞ്ഞുകൊണ്ടാണ് അവൻ അടയാളം കാട്ടിയത്.വലിയ വീടുകൾ എന്തെ അവൻ വിട്ടുകളഞ്ഞു എന്നതും വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയും ചെയ്യുന്നു.


അവൻ എന്നു മാത്രം പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.കള്ളന്മാരിൽ അതും ഭവനഭേദനങ്ങളിൽ  രാത്രിക്കള്ളന്മാരിൽ പെണ്ണുങ്ങൾ അന്ന് തീരെയില്ല.ഉടുമ്പ് എന്നൊരു ജന്തുവിനെ കള്ളന്മാർ ഉപയോഗിച്ചിരുന്നു എന്നതിന് തസ്കരപൂരാണങ്ങളിൽ തെളിവുകൾ കാണുന്നുണ്ട്.രണ്ടാം നിലയിലൊക്കെ കയറണമെങ്കിൽ കയറുകെട്ടിയ ഈ ജന്തുവിനെ മുകളിലേക്കെറിയുമത്രെ.ഉടുമ്പ് പിടിച്ചാൽ പിടിച്ചപോലെയാണ്.വിടുവിക്കാൻ അത്ര എളുപ്പമല്ല.ചില പ്രണയങ്ങളിൽ നിന്നും ചിലർ ഓടിവിയർക്കുന്നതുകണ്ടിട്ടില്ലെ,ഓട്ടത്തിന്നിടയിൽ പറയുന്നതുകേട്ടിട്ടില്ലെ,ഉടുമ്പിനേക്കാൾ മുറുക്കം എന്ന്.

പറഞ്ഞുവന്നത് ഉടുമ്പിനെ കൂട്ടാം.പെണ്ണുങ്ങളെ കൂട്ടാൻ പറ്റില്ല. രാത്രി സഞ്ചാരത്തിനിത്തിരി ഉള്ളുറപ്പ് വേണം.അതില്ലാത്തതിനാലാണൊ എന്നറിയില്ല.എന്തായാലും പെണ്ണുങ്ങളിൽ കള്ളത്തരം ഇല്ലാതത്തതിനാൽ ആവാം എന്ന് പറഞ്ഞൊഴിയാൻ പറ്റില്ല.

ഞങ്ങളുടെ കള്ളന് ഉള്ളിൽ കയറാൻ സാധിച്ചില്ല.അതിന്റെ സമാധാനം എല്ലാവരിലുമുണ്ടായി.അത് താൽക്കാലികമായിരുന്നുതാനും.പലപ്പോഴും ഇന്റർവെല്ലിനുശേഷമല്ലെ ട്വിസ്റ്റ് സംഭവിക്കുക.ഗ്രാമം മുഴുവൻ സസ്പെൻസിലായി എന്നു പറഞ്ഞാൽ മതിയല്ലോ.എല്ലാവരും നല്ലവണ്ണം ഉണ്ടെങ്കിലും ഉറക്കമില്ലാതായി.
ഇതുവരെ സംഭിവിക്കാത്തതാണ്.ഒരു കള്ളനും വരാൻ ധൈര്യപ്പെടാത്ത ഇടം എന്ന അഹങ്കാരം എല്ലാവരിലുമുണ്ടായിരുന്നു. സാദാരണ പ്രേതങ്ങൾ മുതൽ ഗതികിട്ടാത്ത  ആത്മാക്കൾ വരെ അലയുന്ന സ്ഥലമാണ്.

ഗുരുവായൂർ കേശവൻ എന്നെ ഇതുവരെ കുത്താൻ വന്നിട്ടില്ല എന്ന് പറഞ്ഞ നമ്പൂതിരിയെപ്പോലെ ഞങ്ങൾക്കുമുണ്ടായിരുന്നു ആ ഹുങ്ക്.കള്ളൻ കയറാത്ത നാട്.
ഞങ്ങൾ പുരുഷകേസരികൾ വാഴുന്നിടത്ത് വന്നാൽ അവൻ അറിയും എന്നൊരു  ഓൾഡ് ജനറേഷൻ ഹൂങ്ക് എല്ലാവരിലുമുണ്ടായിരുന്നു.

പക്ഷെ കാലം മാറി,കഥയും.
ഒരു കള്ളൻ പിപ്പിടികാട്ടി പോയിരിക്കയാണ്.എന്തു ചെയ്യും.കള്ളൻ കണ്ണുവെച്ചാൽ പിന്നെ അത് നേടിയിട്ടേ പോകൂ എന്നൊക്കെയുള്ള പഴം പൂരാണങ്ങളിൽ തട്ടി നാട് സടകുടാ ഉണർന്നു.
വീടുകൾ ഉറങ്ങാതെയായി. ഇലക്ട്രിസിറ്റി ബോർഡിനെയും പിശുക്കിനേയും വെല്ലുവിളിച്ച് അകത്തും പുറത്തും  ബൾബുകൾ എരിഞ്ഞു.കോഴിക്കൂടുകളിൽ പോലും ട്യൂബ് ലൈറ്റ് പ്രകാശിച്ചു.കള്ളന്മാരിൽ കോഴിക്കള്ളന്മാരും ആടുകള്ളന്മാരുമൊക്കെയുണ്ടല്ലോ.ഒരു കരുതിയിരിപ്പ് എല്ലാകാര്യത്തിലും നല്ലതല്ലെ.പെൺകള്ളന്മാർ അന്നത്രക്ക് സജീവമായിരുന്നില്ല.ഉണ്ടെങ്കിൽ തന്നെ നാട്ടുനടപ്പ് എന്നൊരു വകുപ്പിൽ പെടുത്തി  അതിനെ ആരും വകവെച്ചിരുന്നുമില്ല.പക്ഷെ ഈ കള്ളവേട്ടയിൽ ആ കള്ളന്മാരും നിരാലംബരായി.
കള്ളന്മാരെ നേരിടാൻ എല്ലാവരും അരയും തലയും മുറുക്കി.പെണ്ണുങ്ങൾ വീടുകളിൽ പുരുഷസാമിപ്യമില്ലാതെ ഒറ്റക്കായെങ്കിലും  കള്ളന്റെ കാലടിയൊച്ചകൾക്കായി കാത്തിരുന്നു. അങ്കം ജയിച്ചു വരാൻ ആൺപ്രജകളെ ആശിർവദിച്ചു പുറത്താക്കി വാതിൽ കൊട്ടിയടച്ച പെണ്ണുങ്ങൾ പുരുഷഭാരമില്ലാത്തതിന്റെ ആഹ്ളാദത്തിൽ വിടർന്നുകിടന്നു,പറവകളെപ്പോലെ പറക്കാൻ പാകത്തിൽ.രാത്രി വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നതിൽ  ആണുങ്ങൾക്കിടയിൽ തുല്യനീതിയായിരുന്നു.കൃഷിക്കാരനെന്നോ സർക്കാർ ജോലിക്കാരനെന്നോ മടിയനെന്നോ സമർത്ഥനെന്നോ സ്കൂളിൽ പോയവനെന്നോ  പോകാത്തവനെന്നോ കല്യാണം കഴിച്ചവനെന്നോ വേലിചാടിയവനെന്നോ ഭർത്താവെന്നോ ജാരനെന്നൊ കമ്യൂണിസ്റ്റെന്നോ കോൺഗ്രസെന്നോ ഉള്ള  വേർതിരിവ് ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.കുഴിമടിയന്മാർ പോലും കള്ളനെ പിടിക്കാൻ ആൺജന്മത്തെ പ്രാകിക്കൊണ്ട് രാത്രിയിലേക്കിറക്കപ്പെട്ടു.

 പല ടീമുകളായിപ്പിരിഞ്ഞ് പലസ്ഥലങ്ങളിൽ ആൺപ്രജകൾ വ്യന്യസിച്ചു.ഏതുമീനിനേയും കുരുക്കാൻ പാകത്തിലുള്ള  വൻകിട ട്രോളിംഗുകാർ ഉപയോഗിക്കുന്ന വലപോലെ ഞങ്ങൾ കള്ളനു വേലവെച്ചു ഇരുട്ടിൽ കറങ്ങിനടന്നു.ക്ഷീണിച്ച് നാണംകെട്ടപ്പോൾ കൊടുംതണുപ്പിൽ പരന്നു കിടന്നു.

കൈവിരലുകൾക്ക് ആയാസം കൊടുക്കുന്ന മൊബൈൽ ഫോൺ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ മണ്ണിൽ മലർന്നുകിടന്ന് ചൂണ്ടുവിരൽ കൊണ്ട് ആകാശത്തിൽ വരച്ചുകളിച്ചു,നക്ഷത്രങ്ങളുടെ കള്ളക്കണക്കെടുത്തു.

കള്ളനെ കാത്ത് വെറും കയ്യോടെ നേരം വെളുക്കുമ്പോൾ വീട്ടിലെത്തിയ  വിവാഹമെന്ന കടുംകൈ ചെയ്തവരോട് ഭാര്യമാരും  അതില്ലാതെ തന്നിഷ്ടം നടക്കുന്നവരോട് വിവാഹം കഴിക്കാത്ത പെണ്ണുങ്ങളും ആണുങ്ങളാണത്രെ,ഒരു കൊച്ചുകള്ളനെപ്പോലും പിടിക്കാതെ വന്നിരിക്കുന്നു എന്നൊരു ഭാവംകൊണ്ട് നേരിട്ടു.എങ്ങിനെയെങ്കിലും ഒരു കള്ളനെ കയ്യോടെ പിടികൂടണം എന്നൊരു ചിന്തമാത്രമായി നാട്ടിലെ ആണുങ്ങൾക്ക്.മീൻവലയിൽ പാമ്പുകൾ കുടുങ്ങി പൊല്ലാപ്പുണ്ടാക്കുന്നതുപോലെ കള്ളനെ പിടിക്കുന്നതിനിടയിൽ ജാരന്മാർ പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധ വെക്കണമായിരുന്നു.പുരുഷലോകത്തിനാകെ അത് നാണക്കേടുണ്ടാക്കും.


 കള്ളനെ എങ്ങിനെ കീഴ്പ്പെടുത്തണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് പട്ടാളത്തിൽ നിന്നും വിരമിക്കുകയോ പിരിച്ചുവിടുകയോ ചെയ്ത ശിവരാമേട്ടനായിരുന്നു.ഒരിക്കൽ ഞങ്ങൾ ഉറക്കം വരാതെ കിടന്നപ്പോൾ ശിവരാമേട്ടൻ പഠിപ്പിച്ചുതന്ന  അറിവുകൾ മനസിലിട്ട്  കശുമാവിൻ തോപ്പിലൂടെ നടക്കുകയായിരുന്നു. ബീഡി പോലും അന്ന് വലിച്ചിരുന്നില്ല.ചവറുകളിൽ ചവിട്ടുന്നതുപോലും കള്ളൻ കേൾക്കാൻ പാടില്ലാത്ത നിശബ്ദതയിലായിരുന്നു.അങ്ങിനെ ഞങ്ങൾ കശുമാവിൻ ചോട്ടിലൂടെ പതുങ്ങി നടക്കുമ്പോൾ ഞങ്ങൾക്കുമുന്നിലേക്ക് ഒരു ടൺ ഭാരം മുകളിൽ നിന്നും ഇടിഞ്ഞുപൊളിഞ്ഞു വീണു.കള്ളൻ കള്ളൻ എന്ന് ഞങ്ങളും ഞങ്ങൾക്കുമുന്നിൽ വീണ ഭാരവും ഒന്നിച്ചായിരുന്നു അലമുറയിട്ടത്. ശബ്ദം പുറത്തുവിട്ടത് ശിവരാമേട്ടൻ എന്ന ഒരു ടൺ ഭാരമായിരുന്നു.ഞങ്ങളെ കണ്ട് കള്ളക്കൂട്ടമാണെന്ന് തെറ്റിദ്ധരിച്ച് പേടിച്ച് വിറച്ച് വീഴുകയായിരുന്നു. 

അന്ന് തീരുമാനമായി ശിവരാമേട്ടൻ പട്ടാളത്തിൽ നിന്നും പിരിഞ്ഞുപോന്നതല്ല,പിരിച്ചുവിട്ടതാണെന്ന്.

വെട്ടുവവഴികളിലൂടെ ഒരപരിചിതൻ വീടുകളിലേക്കെങ്ങാനും ഒന്നു പാളി നോക്കിയാൽ മതി, അത് പകൽ നിരീക്ഷണത്തിനു വന്ന കള്ളനാണെന്ന് ഞങ്ങൾ വിചാരിക്കുമായിരുന്നു.തെറ്റിദ്ധാരണയായിരുന്നില്ല,ശരിക്കും ധാരണ.

അലുമിനീയം പാത്രവില്പനക്കാരൻ,പഴയ പാത്രങ്ങൾ വാങ്ങാൻ വരുന്ന തമിഴ്കുലങ്ങൾ,മന്ത്,മലമ്പനി തുടങ്ങിയ രോഗങ്ങൾക്ക് കുത്തിവെക്കാൻ വരുന്ന ഹെൽത്ത് സെന്ററിലെ ജോലിക്കാർ,പെണ്ണുകാണാൻ വരുന്നവർ,കന്നുകാലികളെ നോക്കാൻ വരുന്നവർ,ആരുടെയൊക്കെയൊ വീട് തിരക്കി വരുന്നവർ ഇവരെയൊക്കെ സംശയദൃഷ്ടിയോടെ ഞങ്ങൾ വീക്ഷിച്ചു.

ഒറ്റയൊരുത്തനേയും  പറമ്പിൽ കേറ്റരുത്,ഒറ്റയൊരുത്തനേം വിശ്വസിക്കരുത്,മൂത്തവർ ഞങ്ങൾക്ക് സാരോപദേശം നൽകി.ഇതിൽ നിന്നെല്ലാം മോചിരാവാൻ പിന്നീട് കമ്യൂണിസ്റ്റാകേണ്ട ഗതികേടുപോലും ഞങ്ങൾക്കുണ്ടായി.അന്യന്റെ വാക്കുകൾ അവിടെ സംഗീതം പോലെ കേൾക്കാം പോലും.

കള്ളനെ കയ്യോടെ പിടിച്ച് അടിച്ചും ഇടിച്ചും കളിപ്പാനും രസിപ്പാനും തയ്യാറായി നിന്ന ഞങ്ങൾ നിരാശരായി.ഇന്നാണെങ്കിൽ ടി.വി.തുറന്നു നോക്കിയാൽ മതി.ചർച്ചകൾ കണ്ടാൽ മതി ഒറ്റയടിക്ക് എത്രയെണ്ണത്തിനെ വേണമെങ്കിലും കാണാം.


അങ്ങിനെയിരിക്കെ രണ്ടുമൈൽ അപ്പുറത്ത് ഒരു കള്ളനെ പിടിച്ചതായി വാർത്ത വന്നു.ഞങ്ങൾ എല്ലാവരും കൂട്ടത്തോടെ അവിടേക്ക് വെച്ചുപിടിച്ചു.ഞങ്ങൾ ചെല്ലുമ്പോൾ ഒരു തമിഴ് വംശജനെ കുറച്ചാളുകൾ പിടിച്ചു നിർത്തിയിരിക്കയാണ്.മൂക്കിൽ നിന്നൊക്കെ ചോരയൊലിക്കുന്നുണ്ട്.അവൻ കൈകൂപ്പി നിൽക്കയാണ്.തമിഴനെങ്കിൽ തമിഴൻ ഞങ്ങളിൽ ചിലരും അവനെക്കേറി മേഞ്ഞു.പിന്നീട് പണിക്ക് ആളെ കിട്ടാതെ തമിഴന്മാരുടെ പിന്നാലെ നാട്ടുകാർ കേണുതാണു നടന്നു.അപ്പോൾ  തോന്നും തൊഴികിട്ടിയ തമിഴന്റെ  ശാപം എന്ന്.

എന്തായാലും കള്ളന്റെ നാളുകൾ  ആണായി പിറന്ന ഞങ്ങൾക്ക് തന്ന സ്വാതന്ത്ര്യങ്ങൾ ചെറുതല്ല.രാത്രി വീടുവിട്ടിറങ്ങി കൂട്ടുകാരോടൊപ്പം കറങ്ങാൻ കഴിയുക ചെറിയ കാര്യമായിരുന്നില്ല.സ്വാതന്ത്ര്യങ്ങൾ നമ്മെ ബ്രേക്കില്ലാത്ത സൈക്കിൾ പോലെ അനന്തതയിലേക്ക് പറപ്പിക്കും.കൈവിട്ടും കാൽ വിട്ടും ചവിട്ടാം.ഒരു ചെറിയ വീഴ്ച കിട്ടിയാലും തരക്കേടില്ല.രാത്രികൾ ആണ് മനുഷ്യന്റെ സ്വതന്ത്രലോകം,അന്ന് മനസിൽ കുറിച്ചതാണത്.കള്ളന്മാർ എത്ര ഭാഗ്യവാന്മാർ.എത്ര ഭേദിച്ചാലും തീരാത്ത ഇരുട്ടിന്റെ ചുമരുകൾ.അനന്തമായ സ്വന്തം യാത്രാപഥങ്ങൾ.കാണാനും കയ്യേറ്റം ചെയ്യാനും ആരുമില്ല,ചില അപവാദങ്ങൾ ഉണ്ടെങ്കിലും.

ഒരു ദിവസം തണുപ്പുള്ള  രാത്രിയിൽ അങ്ങിനെ കിടക്കുമ്പോൾ എനിക്ക് തോന്നി.അവളെ ഒന്നു  ഒന്നു പോയിക്കണ്ടാലോ.റിസ്ക്കുണ്ട്. കുറച്ചു നടക്കണം.കൂരാക്കുരിരുട്ടാണ്.ഞങ്ങൾ അന്ന് ഒരു കുളക്കരയായിരുന്നു ഡ്യൂട്ടിക്ക് തെരഞ്ഞെടുത്തത്.കുളംകിളച്ചിട്ട് അധികനാളുകളായിട്ടില്ല.കുളത്തിൽ നിന്നും കരയിലേക്ക് കോരിയിട്ട ഒരു മണൽക്കൂനയിലാണ് ഞങ്ങൾ കിടന്നിരുന്നത്.അടിയിൽ നിന്നും നല്ല തണുപ്പായിരുന്നു.എല്ലാവരും നല്ല ഉറക്കമാണ്.കൂർക്കം  വലിയുടെ ശബ്ദങ്ങളിൽ നിന്നും ഉറക്കത്തിന്റെ താളവും ആഴവും മനസിലായി.

എന്റെ ശരീരം ഇരുട്ടിലേക്ക് മറഞ്ഞു.കാൽപ്പെരുമാറ്റങ്ങൾക്ക് കാതോർത്ത്  കള്ളിയെപ്പോലെ അവൾ ഉണർന്നുവന്നു.ജനൽക്കള്ളികൾക്കിടയിലൂടെ വിരലുകളുടെ ഉൽഭവസ്ഥാനം വരെ ഞങ്ങൾ തൊട്ടറിഞ്ഞു.ഇരുട്ട് ഞങ്ങൾക്കിടയിൽ ഓണനിലാവ് പോലെ പൂത്തിരി കത്തിച്ചു.ഇരുട്ട് മറ്റുള്ളവരെ മാറ്റിനിർത്താനുള്ള ഒരു മറയാണെന്നും അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിർമ്മിച്ചതാണെന്നും വിചാരിച്ചു.
 ഒടുവിൽ വിരലുകളിൽ  നിന്നും ഊർന്നുപോരുകയായിരുന്നു.

തിരികെ മുളങ്കൂട്ടങ്ങൾക്കരികിലൂടെ കുളക്കരയിലെക്ക് കയറുമ്പോൾ എല്ലാവരുടേയും ശരീരം ഇണഞ്ഞും പിണഞ്ഞും  അതേപടി കിടന്നുറങ്ങുകയായിരുന്നു.

പണിപറ്റിച്ചതിന്റേയും അവളെക്കണ്ടതിന്റേയും ലഹരിയിൽ കൈകൾ പിണച്ച് തലയിണയാക്കി വിശാലമായ മാനത്തേക്കു നോക്കിക്കിടക്കുമ്പോൾ ഞാൻ കേട്ടു മഞ്ഞിന്റെ സാന്ദ്രതയിൽനിന്നും
പതിഞ്ഞ ശബ്ദത്തിൽ ആ വാക്ക്.
 ‘കള്ളൻ’

 എന്റെ ഉള്ളിൽ നിന്നു തന്നെയായിരുന്നോ അത് എന്ന് ഇന്നും സംശയിക്കുന്നു.

Saturday, October 25, 2014

പുണ്യവാളന്മാർക്കുള്ളതല്ല ഈ ലോകം

അല്പബുദ്ധികൾക്കും
ദുർബലചിത്തർക്കും
ഇവിടെ വാതിൽ തുറക്കില്ല………..


പ്രശസ്ത പാകിസ്ഥാൻ ഗായകൻ അസീസ് മിയാന്റെ യെ മൈക്കദ എന്നുതുടങ്ങുന്ന  പാട്ട്
എനിക്കിഷ്ടമാവുന്നത് സുഖാന്വേഷിയായ മനുഷ്യന്റെ  ജീവിതലഹരികളെപ്പറ്റി അദ്ദേഹം പാടുന്നതു കൊണ്ടാണ്. മേലുദ്ധരിച്ച വരികൾ അദ്ദേഹത്തിന്റെ സൂഫി സീരീസിൽ നിന്നുള്ള പാട്ടാണ്.മദ്യഷാപ്പുകൾ സന്തോഷം നിർമ്മിക്കുന്ന സ്ഥലമാണെന്നും അവിടെ പരിശുദ്ധരായ മനുഷ്യർക്ക് സ്ഥാനമില്ലെന്നും അസീസ് മിയാൻ സംഗീതസാന്ദ്രമായി വിവരിക്കുന്നു.പള്ളിക്കും അമ്പലത്തിനുമിടയിൽ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കിൽ അവിടെ മദ്യഷാപ്പ് സ്ഥാപിച്ച് മനുഷ്യരെ ഒന്നിച്ചുകൂട്ടി സന്തോഷത്തിൽ മുക്കണമെന്നും അസീസ് മിയാൻ സംഗീതത്തെ ലോകത്തിന്റെ ആഘോഷമാക്കുന്നു.മതനിരപേക്ഷവഴികൾ അതാണെന്ന് ഈ പാട്ട് രാഗവിസ്താരം നടത്തുന്നു.

മനുഷ്യൻ സാമൂഹ്യജീവിതമായി എന്നു മാറാൻ തുടങ്ങിയോ അന്നു മുതൽ അവന്റെ നൈസർഗ്ഗികമായ ലഹരികളെ എടുത്തുകളയാനും തുടങ്ങി.ലഹരികൾ ഓരോന്നായി എടുത്തുകളയുന്നതാണ് സംസ്കാരം എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം.ജീവി നിലയിൽ നിന്നു പിഴക്കാൻ പലതരം ആവാസങ്ങൾ വേണം.അത് ഓരോരുത്തർക്കും വ്യതസ്ഥമായ രീതിയിലും അളവുകളിലുമാണ്.മനുഷ്യനാവുക എന്നുവെച്ചാൽ അതല്ലാതായിരിക്കുക  എന്നുള്ളതു കൂടിയാകുന്നു. ആയതിനാൽ സമൂഹം കല്പിക്കുന്ന വിശുദ്ധവഴികളും സ്ഥാപനങ്ങൾ എഴുതിത്തയ്യാറാക്കുന്ന   കർശനനിയമങ്ങളും തെറ്റിക്കുന്നതിൽ മനുഷ്യർ സന്തോഷം കണ്ടെത്തുന്നു.

മറുഗതിയില്ലാത്തതിനാൽ മാത്രമാണ് റേഷൻ സമ്പ്രദായത്തെ മനുഷ്യർ സ്വീകരിക്കുന്നത്.ഒരുപക്ഷെ റഷ്യ പൊളിഞ്ഞതും കമ്യൂണിസം തകർന്നതും അതുകൊണ്ടു കൂടിയായിരിക്കണം.റേഷനരി മാത്രമല്ല റേഷനു ക്യൂ നിൽക്കുന്ന മനുഷ്യനും പൂത്തുപുഴുവരിക്കും.
ബൈബിളിനെ വിശ്വസിക്കാമെങ്കിൽ  സൃഷ്ടി തൊട്ടെ വിലക്കപ്പെട്ട കനി മനുഷ്യൻ രുചിക്കാൻ തുടങ്ങിയിട്ടുണ്ട്.പാപത്തിന്റെ ശമ്പളം മരണമാണെങ്കിൽ ആ ശമ്പളത്തേയും ഇരുകൈയ്യുംനീട്ടി സ്വീകരിക്കാൻ സ്വാതന്ത്ര്യദാഹിയായ മനുഷ്യൻ സന്നദ്ധനാകുന്നു.സ്വാതന്ത്ര്യദാഹിയായ മനുഷ്യൻ ഏതറ്റം വരേയും പോകും.ഭഗത് സിംഗിനേയും സർദാർ ഗോപാലകൃഷ്ണനേയും അസ്ഥാനത്താണെങ്കിലും ഇവിടെ ഓർക്കാം.


മരണാനന്തര സ്വർഗ്ഗം വരെ കാത്തുനിൽക്കാനുള്ള ക്ഷമയൊന്നും മനുഷ്യർക്കില്ല.ബെവറേജിന്റെ ക്യൂ അതിനേക്കാൾ തുച്ഛവും അടിയന്തിരസന്തോഷത്തിന്റേയുമാകുന്നു.ഇമ്മിഡിയറ്റ് റിസൽട്ടാണ് സാധാരണയിൽ സാധാരണയായ മനുഷ്യർക്ക് വേണ്ടത്.വാഗ്ദത്തഭൂമിയിലേക്ക് കുഞ്ഞാടുകളെപ്പോലെ അലഞ്ഞുതീരാനുള്ളതല്ല ജീവിതമെന്ന് അവനും അവൾക്കും അറിയാം.ആയതിനാൽ മനുഷ്യർക്ക് പരസ്പരമാകാനാണ് കൂടുതൽ താല്പര്യം.
പ്രണയവും പ്രകാശനവും ലൈംഗിക സ്വാതന്ത്ര്യങ്ങളുമെല്ലാം നമുക്ക് സിനിമയിലും സീരിയലിലും കഥയിലുമൊക്കെ കൊള്ളാം.നിത്യജീവിതത്തിൽ അതെല്ലാം കിട്ടാക്കനിയായി നിർത്തുകയും വേണം.

മദ്യം ഒരു വിപത്ത് ആവാൻ കാരണം അതിലേക്ക് നമ്മളെ വലിച്ചിഴക്കുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നതു കൊണ്ടു കൂടിയാകുന്നു.മനുഷ്യന്റെ സന്തോഷങ്ങളെ പ്രകാശനം ചെയ്യാൻ അനുവദിക്കാത്ത വ്യവസ്ഥയാണ് ജനാധിപത്യം എന്ന പേരിൽ ഇവിടെയുള്ളത്.മൊറാലിറ്റി എത്തിക്സ് എന്നതൊക്കെ മനുഷ്യനെ അതല്ലാതാക്കുന്ന വേലിക്കെട്ടുകളാകുന്നു.നമ്മൾ ഇടക്കൊക്കെ മൃഗജീവിതത്തെ സ്നേഹിക്കുന്നതും കാഴ്ചബംഗ്ലാവുകളിൽ പോകുന്നതും അതുകൊണ്ടാകുന്നു.മൃഗങ്ങളെ കൂട്ടിലാക്കി രസിക്കുന്നതും അവയുടെ സ്വാതന്ത്ര്യത്തെ അസൂയപ്പെട്ടുമായിരിക്കണം.

അടിസ്ഥാനപരമായി സുഖാന്വേഷികളാണ് മനുഷ്യർ.സിനിമ കാണുന്നതും യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും രാഷ്ട്രീയക്കാരുടെ  തമ്മിൽത്തല്ലു കാണുന്നതുമൊക്കെ അവനു സന്തോഷം പ്രധാനം ചെയ്യുന്നുണ്ടാവാം.അതുപോലെ മദ്യവും.ഇതൊക്കെ അവന്റെ സേഫ്ടി വാൽവ് കൂടിയാവുന്നു.ഇതില്ലാതായാൽ അവൻ ഭീകരവാദിയാവും.സംശയമുള്ളവർ മദ്യവും ഭീകരവാദവും ഒന്നിച്ചോർത്ത് ഒന്നു കറങ്ങിവരിക.

.വിദ്യ അഭ്യസിച്ചതുകൊണ്ടൊ ജോലി കിട്ടിയതു കൊണ്ടൊ പെണ്ണിൽ കെട്ടിയിടപ്പെട്ടതുകൊണ്ടൊ മറിച്ചോ, വീട് വെച്ചതുകൊണ്ടൊ പട്ടിയെ വളർത്തിയതുകൊണ്ടൊ വാഹനം ഓടിച്ചതുകൊണ്ടൊ ടോൾ കൊടുത്ത് മാന്യത നടിച്ചതുകൊണ്ടൊ മനുഷ്യൻ തൃപ്തിയിലേക്ക് തുറക്കുന്നില്ല.സഹജീവിസ്നേഹം കൊണ്ടും അവൻ സംതൃപ്തനാവുമെന്ന് തോന്നുന്നില്ല. തുറസുകളെ തേടുന്ന അവന്റെ മാനസിക വ്യാപാരങ്ങളെ ആരും പരിഗണിക്കുന്നില്ല.എഴുന്നേറ്റാൽ കക്കൂസിലേക്കും കുളിമുറിയിലേക്കും അവിടെ നിന്ന് ഭക്ഷണത്തിലേക്കും തിരക്കിട്ട് ഓഫീസിലേക്കും അവിടെ നിന്ന് വീട്ടിലേക്കും അവിടെക്കിടന്നുറങ്ങി വീണ്ടും ചക്രത്തെപ്പോലെ വട്ടംകറങ്ങിയതുകൊണ്ടൊ ഒന്നും അപാരമായ തൃഷ്ണകൾക്ക് ഒന്നും സംഭവിക്കുന്നില്ല .കളത്തിനുപുറത്തുപോകാതെ കള്ളികൾക്കുള്ളിൽ മാത്രം കളിക്കുന്ന  പാമ്പും കോണിയും പോലെയുള്ള ജീവിതം മനുഷ്യനെ പ്രാന്തുപിടിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒരാൾക്ക് ഭ്രാന്തുപിടിക്കാൻ മറ്റൊന്നും വേണ്ട.ശബളവർദ്ധനക്കുള്ള ജാഥയിൽ പങ്കെടുത്ത് തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതു കൊണ്ടോ പാലസ്തീൻ പ്രശ്നത്തിൽ രോഷം പ്രകടിപ്പിച്ചതുകോണ്ടൊ പ്രശ്നങ്ങൾ  ഒന്നും രമ്യതയിലാവുന്നില്ല.എല്ലാം സമരങ്ങളും ഉള്ളിൽ നിന്നും തുടങ്ങണം.അവനവനെ ഓരോ നിമിഷവും പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കണം.
അതിനു സാദ്ധ്യമല്ലാത്ത ഈ ലോകത്തിൽ……….

ഇന്ന് മനുഷ്യർക്ക് പുറത്തിറങ്ങി നടക്കാനൊരിടമില്ല. ഇരിക്കാനൊരിടമില്ല,ടോൾ കൊടുത്താൽ  പോലും.തൃശൂർ മെയിൻ പോസ്റ്റോഫീസിൽ എന്റെ നാട്ടുകാരൻ, ദുബായിൽ നിന്നും തിരികെ വന്നവൻ മറ്റുള്ളവർ സ്റ്റാമ്പൊട്ടിക്കുന്നതും കത്തിൽ അഡ്രസ് എഴുതുന്നതും നോക്കിയിരിക്കുന്നത് പല തവണ കണ്ടു.ഇതെന്താ ഇവിടെ എന്നു ചോദിച്ചപ്പോൾ പറഞ്ഞത് വീട്ടിൽ നിന്നിറങ്ങിയാൽ മറ്റൊരിടമില്ല എന്നാണ്.ആയതിനാൽ ടൗണിലേക്ക് വണ്ടികയറുന്നു.ഒരുമിച്ചുകൂടാൻ ഒരിടമില്ലാത്ത അവസ്ഥയാണ്.വായനശാലകളിൽ പോയാൽ ഇപ്പോ പ്രധാന വിനോദം ടെലിവിഷൻ ആണ്.മതിലുകളിൽ കയറിയിരുന്നാൽ പോലീസ് പിടിക്കും.ബോബ് മെർളിയുടെ പടമുള്ള ബനിയൻ ഇട്ടാൽ പോലീസ് കേസെടുക്കുന്ന കാലമാണ്.ആരാണ് ബോബ് മർളി എന്നതിന് പോലീസുകാർ നൽകുന്ന മറുപടി ഏതോ കഞ്ചാവ് കച്ചവടക്കാരൻ എന്നാണ്.മനുഷ്യർ കൂട്ടം കൂടുന്നതിനെ ഭരണകൂടം ഭയക്കുന്നു.

സദാചാരം പഠിപ്പിക്കുന്നതിൽ പോലിസിനേക്കാൾ ആവേശം ഇപ്പോൾ സാദാ മനുഷ്യർക്കാണ്.
ലഹരിയെ കൈവിടാൻ മനുഷ്യനായി  മണ്ണിൽ മുളച്ച ഒരാൾക്ക്  കഴിയാത്തതു പോലെ മദ്യം സമ്പൂർണ്ണമായി നിരോധിക്കാൻ തലയിൽ എന്തെങ്കിലുമുള്ള ഒരു ഭരണാധികാരിക്കും തോന്നില്ല.മദ്യമില്ലാത്ത ഒരു സമൂഹവും ലോകത്തിലില്ല.ലഹരി ഉള്ളിലില്ലാത്ത ഒരു ജീവിയും ഇതേവരെ ജനിച്ചിട്ടുമുണ്ടാവില്ല.

മരണത്തോടും ജീവിതത്തോടും തൊട്ടുംതൊടാതെയും   നിൽക്കുന്ന  രോഗിയായ സുഹൃത്തിന്റെ  ആവശ്യപ്രകാരം മൂക്കിലെ ട്യൂബിൽക്കൂടി മദ്യം ഇറ്റിച്ചുകൊടുത്ത സംഭവം  സംവിധായകൻ പവിത്രൻ പറഞ്ഞുകേട്ടിട്ടുണ്ട്.ലഹരിക്കായുള്ള ഉൾവിളികളെ പരിഹസിക്കരുത്.
പോപ്പിന്റെ റോമിൽ നിന്നും സുഹൃത്ത് പൗലോസ് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞത് എന്തൊക്കെയാണെങ്കിലും മദ്യം വിലക്കുറവിലും സുലഭവുമായി കിട്ടുന്നതുകൊണ്ടുമാത്രമാണ് അവിടെ  നിന്നുപിഴക്കുന്നതെന്ന്.നാട്ടിൽ കമ്യൂണിസം കളിച്ചുനടന്ന പൗലോസ് സഖാവിന്റെ സേവനം ഇനി കേരളത്തിനു കിട്ടുമെന്ന് പുതിയ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നില്ല.റോം പ്രൗഢിയോടെ നിലനിൽക്കുന്നത് മതം കൊണ്ടൊ അദ്ധ്യാത്മകത കൊണ്ടൊ അല്ലെന്നും ടൂറിസം കൊണ്ടുമാത്രമാണെന്നും ലോകശ്രദ്ധയിലേക്ക് പൗലോസിന്റെ  സുവിശേഷം ഉറക്കെ വിളിച്ചുപറയുന്നു.പോപ്പിന്റെ നാട്ടിലാവാം, ഇവിടെ നടപ്പില്ലെന്നു പറയുന്നതിലെ യുക്തി മനസിലാവുന്നില്ല.

സംഘടിത മതങ്ങൾ മദ്യത്തിൽ ഇടപെടുന്നതിലെ ജനാധിപത്യവിരുദ്ധത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കേരളത്തിലെ രൂപതകൾ അതിന്റെ തലതൊട്ടപ്പന്മാരും മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീഗും മദ്യം നിരോധിക്കണമെന്നു പറയുന്നു.എന്നാൽ എൻ എസ്  എസും ,എസ് എൻഡിപിയും നിരോധനമല്ല വേണ്ടതെന്നും വാദിക്കുന്നു.കൃസ്ത്യാനികൾക്കും മുസ്ലീമുകൾക്കും മദ്യം വേണ്ടേങ്കിൽ അത് പള്ളിയിൽ പറഞ്ഞാൽ മതിയല്ലോ.മറിച്ചാണവർ പറയുന്നതെങ്കിൽ മതേതരരായ മദ്യപാനികൾക്ക് പറയേണ്ടിവരും,അത് പള്ളീപ്പറഞ്ഞാൽ മതിയെന്ന്.

കേരളത്തിലേത് മതേതരഭരണമല്ല മതഭരണമാകുന്നു.മദ്യത്തെ ഒരു സദാചാരപ്രശ്നമായി ഉയത്തുന്നതിലൂടെ കേരളത്തെ വീണ്ടും പിറകോട്ടുകൊണ്ടുപോകയാണ്.പുരോഗമനത്തിന്റെ മേൽമുണ്ടിനുള്ളിൽ മനുസ്മൃതിയുടെ പൂണുലുകൾ തെളിഞ്ഞുകൊണ്ടിരിക്കുന്നു.ഉമ്മൻ ചാണ്ടിയും സുധീരനും കോട്ടയം രാഷ്ട്രീയവും മലപ്പുറം അജണ്ടയും കേരളത്തെ സംഘപരിവാറിന്റെ വിപണിയെയാണ് വിപുലമാക്കുന്നത്.

മദ്യം വിപ്ലവത്തിനുപോലും തടസമായിട്ടില്ലെന്ന് റഷ്യ സാക്ഷ്യപ്പെടുത്തുന്നു.മദ്യമില്ലാത്ത രാജ്യങ്ങൾ മതേതരമല്ല.അത് വർഗ്ഗീയമോ വംശീയമോ അതിനേക്കാൾ മോശമോ ആയിരിക്കും.നമ്മുടെ മുന്നിലുള്ള ചരിത്രവും ചിത്രവും അതാണ്.അസീസ് മിയാൻ പറയുന്നതും അതാണ്.പള്ളിക്കും അമ്പലത്തിനുമിടയിലെ തുറസ് മദ്യശാലക്കായി ഉപയോഗിക്കുക.മതേരത്വം തുളുമ്പുന്നത് അവിടെ നിങ്ങൾക്കു കാണാം.കേരളത്തിലും ഇപ്പോൾ കാണുന്ന മതേതരമായ ഇടങ്ങൾ  ബാറുകൾ എന്നു നാം വിളിക്കുന്ന മധുശാലകളും കൂടിയാവുന്നു.ബാറുകൾ അടച്ചാൽ പിന്നെ എവിടെ ചെന്നിരിക്കും എന്നാണ് എന്റെ സുഹൃത്ത് ആശങ്കപ്പെട്ടത്.കേരളത്തിലെ എൺപത് ശതമാനത്തിലധികം പേരും സോഷ്യൽ ഡ്രിങ്കേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ബഹുമാന്യമദ്യപാനികളാകുന്നു.ബാക്കിവരുന്നവരുടെ കണക്കുവെച്ചാണ് കേരളം മദ്യപാനികളുടെ നാടെന്ന് നേതാക്കന്മാർ തറപറ പ്രസംഗം നടത്തുന്നത്.പൊതുസ്ഥലങ്ങളിലെ ക്യൂ കണ്ടാൽ അങ്ങിനെ തോന്നിയേക്കാം.അവരെ നല്ല സ്ഥലങ്ങളിലേക്ക് ഇടം കൊടുത്ത് മാന്യന്മാരാക്കുക. തേച്ചുമിനുക്കിയ വസ്ത്രങ്ങളിൽ നടക്കുമ്പോൾ എത്ര വലിയ കാട്ടുകള്ളന്മാരാണെങ്കിലും അവരോടു നമുക്കും ബഹുമാനമൊക്കെ തോന്നാറില്ലെ.അതു പോലുള്ളൊരു മാന്യത മദ്യപന്മാർക്കും കൊടുക്കണം.മദ്യം നിരോധിക്കലല്ല ഇതിനുള്ള പോംവഴി.കേരളത്തിൽ കൈക്കൂലി വാങ്ങുന്നവരെയും അഴിമതിക്കാരേയും മുഴുവൻ ക്യൂ നിർത്തിയാൽ ഡിവൈഎഫ് ഐയുടെ മനുഷ്യച്ചങ്ങലകളേക്കാൾ നീളം അതിനുണ്ടാവും.പൊതുമുതൽ കൊള്ളയടിക്കുന്നവരോ സ്വന്തം കയ്യിൽ നിന്നും ലഹരി നുണയുന്നവരോ,ആരാണ് കുറ്റവാളികൾ.

കയ്യേറ്റക്കാരെയും ക്വാറിമാഫിയയേയും സഹായിക്കാൻ കേരളത്തിന്റെ തായ് വേരായ പശ്ചിമഘട്ടത്തിനെ വെട്ടിനിരത്തുന്ന നാടാണിത്.മതപ്രീണനത്തിന്റെ പേരിൽ പൊതുസ്വത്ത് കൊള്ളചെയ്യപ്പെടുന്ന,അതിനനുവദിക്കുന്ന   നാടാണിത്.
ബോബ് മെർളിയുടെ ചിത്രമുള്ള ബനിയൻ ഇട്ടതിന് യുവാക്കളെ അറസ്റ്റ് ചെയ്യാൻ ഉളുപ്പില്ലാത്ത നാടുംകൂടിയാണിത്.ലോകപ്രശസ്ത ഗായകനെ വെറും കഞ്ചാവ് വിലപനക്കാരാക്കിയ അധികാരികളും അതിനെ പ്രോൽസാഹിപ്പിച്ച   പത്രധർമ്മക്കാരുടേയും  നാണാണിത്.
സർ, ഈ നാട്ടിൽ ജീവിച്ചുപോകണമെങ്കിൽ എനിക്ക് രണ്ടെണ്ണം അടിക്കണം.അല്ലെങ്കിൽ അടി വേറെ വഴിക്ക് തിരിയും.

എന്റെ സുഹൃത്തും ശില്പിയുമായ രാജൻ കഴിഞ്ഞ ദിവസം പറഞ്ഞു,സർക്കാർ മദ്യം തരുന്നതിനു മുമ്പേ കഴിച്ചുതുടങ്ങിയതാണ്.അവർ നിർത്തിയാലും അതു തുടരും.വിലക്കപ്പെട്ട കനി കഴിക്കരുത് എന്ന് പറഞ്ഞവരോട് അത് പള്ളീപ്പറഞ്ഞാ മതി എന്നു  തിരിച്ചുപറഞ്ഞ വർഗ്ഗമാണ് മനുഷ്യകുലം,അവരോട് കളിക്കരുത്.
മദ്യനിരോധനത്തിന്റെ ചരിത്രം 1920 ൽ അമേരിക്കയിൽ നിന്നും തുടങ്ങുന്നു.പിൻവലിക്കുന്നതിന്റെ ചരിത്രവും അവിടെ നിന്നും തുടങ്ങുന്നു.കാനഡ,ഫിൻലാൻഡ്,സ്വീഡൻ,തമിഴ് നാട്,ആന്ധ്രപ്രദേശ്,അരുണചൽ പ്രദേശം,മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.
ചരിത്രമറിയാത്തവർ എപ്പോഴും കിണറ്റിലെ തവളകൾ മാത്രമാണ്.അവരെ വിട്ട് മുന്നണിയിലേക്ക് വരുന്ന ജനത പുതിയ ലോകത്തെ സ്വീകരിക്കുകയും പുതിയ കാലത്തിനു ചിയേർസ് പറയുകയും ചെയ്യും.
നിർത്തട്ടെ,മദ്യമല്ല.
എല്ലാവർക്കും ചിയേർസ്.

Monday, August 18, 2014

നട്ടുച്ചയിലെ ഈർപ്പം


dc books

രു നട്ടുച്ചനേരത്താണവൾ വിളിച്ചത്.പാടത്ത് കട്ടകൾ വിണ്ട് ചിത്രം പോലെ കിടന്നിരുന്നു.കുളിർ കാറ്റ് ചെറുതായൊന്നുവീശി. ആശുപത്രിയിൽ എട്ടാം നിലയിൽ  സുഹൃത്തിനു കൂട്ടുകിടക്കുകയായിരുന്നു ഞാൻ.അവൾക്കെന്നെ ഉടൻ കാണണം.ആശുപത്രിയിലേക്ക് ഞാനവളെ ക്ഷണിച്ചു.അതു പറ്റില്ല വീട്ടിൽ വെച്ചുകാണണം.തിരിച്ചുവരുന്നതുവരെ സുഹൃത്തിനോട് ഉറങ്ങിക്കിടക്കുക അല്ലെങ്കിൽ നടിച്ചുകിടക്കുക എന്നു പറഞ്ഞ് ഞാൻ കോണിയിറങ്ങി.ലിഫ്റ്റിന്റെ കാര്യം മനസിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.എട്ടുനിലകളിൽ നിന്നും വളരെ പെട്ടെന്ന് ഞാൻ പൊട്ടിവീണു.

വർഷങ്ങൾക്കുമുമ്പുള്ള പരിചയമാണ്.വർഷങ്ങളുടെ കണക്കില്ല.ഒന്നിന്റേയും കണക്കില്ല.പരിചയപ്പെട്ട് കുറെനാളുകൾക്കുശേഷം സ്വാഭാവികമായ മറവിയിലായി.സന്ദർഭം കൃത്യമായി ഓർമ്മയുണ്ട്.കാന്തം പോലെ മനസും ശരീരവും പ്രവർത്തിക്കുന്ന കാലമായിരുന്നു അത്.മുള്ളുകളിൽ വസ്ത്രങ്ങൾ പോലെ എന്തിലും ഉടക്കും.ഊരിപ്പോരാൻ കുറച്ചുബുദ്ധിമുട്ടേണ്ടിവന്നാലും അതൊക്കെ ഒരു രസമായിട്ടാണന്നു തോന്നിയത്.അപ്പുറവും ഇപ്പുറവും എടുത്തുചാട്ടമായിരുന്നു സ്വഭാവം.അക്കാലവും അക്കാര്യവും ഓർമ്മിക്കുമ്പോൾ ലഹരിയിൽ പൊതിഞ്ഞ രസമുണ്ട്.

മഴ ചില്ലിട്ട മുറിയിൽ  മറ്റൊരു നട്ടുച്ചയിൽ അവളുടെ ഫോൺ വന്നു.ഞാൻ തമ്പാന്നൂർ  ബസിറങ്ങി നിൽക്കയാണ്.എന്നെ  വന്നു ബന്ധിച്ചുകൊണ്ടുപോകുക.ഈശ്വരാ, സാധാരണഗതിയിൽ തലയിൽ കൈവെച്ച് വിളിക്കേണ്ടത് ഇങ്ങനെയാണ്.പെറ്റത് തന്നെ ഈശ്വരനിഷേധിയായിട്ടാണ്.ആയതിനാൽ ദൈവം തൊണ്ടയിൽ നിന്നും പൊന്തിവന്നില്ല.മറ്റെന്തോ ശബ്ദമാണ് ഞാൻ പുറപ്പെടുവിച്ചത്. വീട്ടിലാണെങ്കിൽ പലരും പലമുറികളിലായി താമസിക്കുന്നുണ്ട്.ആരൊക്കെ എന്ന് തിട്ടപ്പെടുത്താൻ സമയം കിട്ടിയിട്ടില്ല.ഓരോ ദിവസവം ആളുകൾ മാറും.അങ്ങിനെയുള്ളൊരു വീടായിരുന്നു അത്.
ഷൂട്ടിംഗ് കഴിഞ്ഞുവന്നതിന്റെ ആലസ്യത്തിലും ഓർമ്മകളിലും കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു.


ഒന്നുരണ്ടു വസ്ത്രങ്ങൾ  സഞ്ചിയിലാക്കി ഇറങ്ങി.ചോദിക്കാനും പറയാനും ആരും ഉണർന്നെണീറ്റുണ്ടായിരുന്നില്ല.എല്ലാവരും രാത്രിയിലെ ഡ്യൂട്ടിക്കാരായിരുന്നു.ഗേറ്റിൽ തിരുകിവെച്ചിരുന്ന ദിനപത്രത്തിന്റെ ആദ്യപേജിൽ പാലസ്തീൻ നേതാവ് യാസർ അരാഫത്തിന്റെ മരണവാർത്ത ഞെരുങ്ങിക്കിടന്നു.


സ്വാതന്ത്ര്യത്തിന്റെ ഏകാന്തലഹരിയിലായിരുന്നു ഞാൻ.ഓട്ടോ മൂന്നുചക്രത്തിൽ  കുതിക്കുമ്പോൾ  ആലോചിച്ചു ഇതെവിടെ ചെന്നവസാനിക്കും.

വഴിയിൽ ഹിന്ദി പ്രചാർസഭയിലെ കുട്ടികൾ യൂണിഫോം ധരിച്ച് കൈരളി തിയ്യറ്ററിലേക്ക് പോകുന്നു.ഏതെങ്കിലും മന്ത്രിമാർക്കുള്ള ഇരകളായിരിക്കും.പല പൊതുപരിപാടികൾക്കും ആളെ തികക്കാൻ ഇവിടെ നിന്നാണ് പലപ്പോഴും കുട്ടികളെ കൊണ്ടുപോകുന്നത്.ആളൊന്നിനു ഇത്ര എന്നുണ്ടായിരിക്കും.ഫ്രീയായിട്ട് മന്ത്രിമാരുടെ പ്രസംഗം കേൾക്കാൻ എന്താ ആളുകൾക്ക് ഭ്രാന്തുണ്ടൊ. സ്ഥാപനത്തിനും വരുമാനം ഉണ്ടായിരിക്കും.രാഷ്ട്ര ഭാഷ പഠിക്കാൻ എന്തെല്ലാം കടമ്പകൾ.വാടകശ്രോതാക്കളെന്ന് അറിഞ്ഞിട്ടും അവരോട് പ്രസംഗിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത നേതാക്കളുടെ കാര്യം ആലോചിച്ചുനോക്കൂ.

 ബസ്റ്റോപ്പിൽ അവളെ കണ്ടു,അവളുടെ സമീപം പച്ചബെൽറ്റ് കെട്ടിയ രണ്ടുപേർ തിരിഞ്ഞുകളിക്കുന്നതും കണ്ടു.കാത്തുനിന്ന് അവളുടെ കണ്ണു കഴച്ചിട്ടുണ്ടാവും. ഓട്ടോറിക്ഷയിലെക്ക് അവൾ ചാടിയതാണൊ ഓടിയതാണൊ എന്തായാലും ഇമപൂട്ടിയടക്കുന്നതിനുമുമ്പേ അരികിലെത്തി.

ഞാൻ പറഞ്ഞു ഇത് തിരുവനന്തപുരമാണ്.ഇത്തിരി പെശകാ,സുഹൃത്തുക്കളുണ്ട്.

വണ്ടി നേരെവിടാൻ തീരുമാനമായി.എങ്ങോട്ടെന്ന് വഴിയെ തീരുമാനിക്കാം.അങ്ങിനെ കേരളം വിടാൻ തീരുമാനമായി.ഓരോ ജില്ലക്കും അവരുടേതായ തമിഴ്നാടുണ്ട്.തൃശൂർക്കാർക്ക് കോവൈ,ഇടുക്കിക്കാർക്ക് കമ്പംതേനി,മലപ്പുറത്തുകാർക്ക് ഊട്ടി,കൊല്ലംകാർക്ക് തിരുനെൽ വേലി എന്നിങ്ങനെ.

തിരുവനന്തപുരത്തിന് അടുത്ത തമിഴ്നാട് കന്യാകുമാരിയാണ്.എങ്കിൽ അങ്ങിനെ തന്നെ.വഴിയിൽ നാഗർകോവിലിൽ വഴിമുറ്റക്കാൻ കെ.എൻ.ഷാജിയും സുലഭയുമുണ്ട്.അതിലെ പോവുമ്പോൾ കണ്ണടച്ചുപിടിക്കാനും തീരുമാനമായി.

തുറന്ന കണ്ണുകളോടെ തന്നെ യാത്രയായി.യാത്രയിലുടനീളം അവൾ ഭാര്യയെപ്പോലെ അഭിനയിച്ചു.അതത്ര എനിക്കിഷ്ടമായില്ല. തോളിൽ ചാരിക്കിടന്ന് ബോറഡിപ്പിച്ചു.ഞാൻ തിന്ന മുടിയിഴകൾക്ക് കണക്കില്ല.അവൾക്ക്  നീണ്ട ഒതുക്കമില്ലാത്ത മുടിയുണ്ടായിരുന്നു.അഴിച്ചിട്ടാൽ ചുറ്റുമുള്ള യാത്രക്കാരെ അലോസരപ്പെടുത്താൻ പാകത്തിലുണ്ട്.ശുചീന്ദ്രത്തിറങ്ങണൊ ഞാൻ ചോദിച്ചു.എവിടെയുമിറങ്ങേണ്ട.നിർത്താതെ ഇങ്ങനെ പറക്കട്ടെ.
പറന്നോട്ടെ.

ശുചീന്ദ്രത്തിറങ്ങിയിട്ട് എനിക്കും കാര്യമില്ല.അവിടെ തൂണുകൾ ഉണ്ടെന്നോ അതിൽ മുട്ടി കാതുവെച്ചാൽ സപ്തസ്വരങ്ങൾ കേൾക്കാമെന്നൊക്കെയുള്ള ഉഡായിപ്പുകൾ കേട്ടിട്ടുണ്ട്.അതിനേക്കാൾ മേലെയുള്ള സംഗീതം കേൾക്കാനാണ് ആഗ്രഹം.ഈ യാത്രയും അതിനാണ്.അങ്ങിനെ ശുചീന്ദ്രത്തേയും മറികടന്നു.തമിഴ്നാടൻ ബസ് തമിഴ് സംഗീതവുമായി പായുകയാണ്.മരുത്വാമല അടക്കം പലതരം മലകൾ എല്ലാം താണ്ടുകയാണ്.


പാറകളുടെ ഭാവാദ്രമായ കിടപ്പുകൾ കാണുമ്പോഴാണ് പ്രപഞ്ചശില്പിയെക്കുറിച്ചോർക്കുക.ഒരു കലാകാരനും സൃഷ്ടിക്കാൻ പറ്റാത്ത അത്രക്ക് വൈഭങ്ങൾ ഓരോ കാഴ്ചയിലും  അനുഭവിക്കാം.
കന്യാകുമാരിയിലേക്കുള്ള യാത്ര മനോഹരമാവുന്നത് ഇത്തരം കാഴ്ചകൾ കൊണ്ടുകൂടിയാകുന്നു.
എം.ടി.എഴുതി സേതുമാധവൻ സംവിധാനം ചെയ്ത് കമലഹാസനും റീത്താഭാദുരിയും അഭിനയിച്ച കന്യാകുമാരി എന്ന പ്രേമസിനിമ കണ്ടതു മുതൽ ഈ നാട് ഒഴിയാബാധ പോലെ മനസിലുണ്ട്.

പലവട്ടം പോയിട്ടും നായകൻ ശില്പം കൊത്തുന്ന വെയിൽ നിറഞ്ഞ സ്ഥലവും നായിക മാലകൾ വിറ്റുനടക്കുന്ന കടപ്പുറവും കണ്ടെത്താനായില്ല.വില്ലനെ കൊന്ന നായകനെ പോലീസുകാർ പിൻസീറ്റിലിരുത്തി കൊണ്ടുപോയ ബസ് ഏതു റൂട്ടിലാണാവോ ഇപ്പോൾ ഓടുന്നത്!
ഒരിക്കൽ ഇവിടെയെത്തുന്നത് അടുത്ത വീട്ടിലെ പെൺകുട്ടിയും കുടുംബവും  ഒരു ലോഡ്ജിൽ ജീവനൊടുക്കിയപ്പോളാണ്.ഉദയവും അസ്തമയവും, തുടക്കവും ഒടുക്കവും ഒരേ ദിക്കിൽ ദൃശ്യമാവുന്ന സ്ഥലത്തിന്റെ അർത്ഥവ്യാപ്തി അന്നറിഞ്ഞു.

സുഹൃത്തിന്റെ ഹോട്ടലുണ്ട്.നല്ല സൗകര്യമാണ്,കൂടെ ഒരുത്തിയില്ലെങ്കിൽ.ഇപ്പോൾ വേണ്ട.ഇപ്പോൾ വേണ്ടത് സൗകര്യമല്ല സമാധാനമാണ്.ഞങ്ങൾ മറ്റൊരിടം തേടി. നല്ല സ്വീകരണത്തോടെ ഞങ്ങൾക്ക് മുറി കിട്ടി. കന്യാസ്ത്രീയോടൊ സന്യാസിനിയോടൊ അടുത്ത  രൂപമായിരുന്നു അവൾക്ക്, വെള്ളവസ്ത്രങ്ങളിൽ ആയിരുന്നു. ആരും ഒന്നു തലതാഴ്ത്തിപ്പോകും.
എന്നെക്കണ്ടാൽ എന്തു തോന്നുമെന്ന് അന്നും ഇന്നും ഒരൂഹവുമില്ല.കണ്ണാടിയിൽ നോക്കി ശരിപ്പെടുത്തുന്നതുപോലെയല്ല മറ്റുള്ളവരുടെ മുന്നിൽ മുഖം പ്രത്യക്ഷമാവുക.
മുറി കിട്ടിയ ഉടൻ ബാഗെല്ലാം അകത്തുവെച്ച് ഉടൻ ഞങ്ങൾ പുറത്തിറങ്ങി.കാഴ്കകൾ കാണാനുള്ള ആഗ്രഹം ഞങ്ങൾ എടുത്തണിഞ്ഞു.ഞങ്ങൾ അത്തരക്കാരല്ല എന്നൊരു സൂചനയും അവർക്ക് നൽകാനായി.

കന്യാകുമാരിയിലെ നടത്തം മറക്കുവാൻ പറ്റുന്നതല്ല.ഇരുട്ടുന്നതുവരെ ഞങ്ങൾ അലഞ്ഞു.മുറിയിലേക്കാൾ സ്വാതന്ത്ര്യം പുറത്തായിരുന്നു.കരിക്കുകൾ കുടിച്ചതിനു കണക്കില്ല.കൂട്ടിയുരുമ്മി ഞങ്ങൾ പഞ്ചറായി.വിവേകാനന്ദപ്പാറയിൽ  അവസാനത്തെ ബോട്ടിലേക്ക്  ഗാർഡുകൾ ഞങ്ങളെ പിടിച്ചുകയറ്റുകയായിരുന്നു.ഞങ്ങൾക്കുമുകളിൽ മറയാൻ ആഞ്ഞ സൂര്യൻ ചിത്രം വരച്ചുനില്പുണ്ടായിരുന്നു.വൻതിരകൾ ബോട്ടിനെ ആട്ടിയുലച്ചപ്പോൾ ഭയം നിറഞ്ഞ ശബ്ദങ്ങൾ ഉയർന്നു.ആലോലമാടി ഞങ്ങൾ മാത്രം അതിനെ ആസ്വദിച്ചുനിന്നു.
കക്കകൾ ചിതറിക്കിടന്ന കടൽത്തീരത്ത് ഞങ്ങൾ മലർന്നുകിടന്നു.

ഇനിയെന്ത്?
ഇവിടെ കഴിയാം.
പിന്നെയോ.
പിന്നെയും ഇവിടെക്കഴിയാം.
മടുക്കുമ്പോഴോ.
അപ്പഴും ഇവിടെക്കഴിയാം
ഭ്രാന്തുപിടിക്കും.
അപ്പോഴും ഇവിടെക്കഴിയാം.
എനിക്ക് നിന്നെ കൊന്നുതിന്നാൻ തോന്നും.
അപ്പോഴും  ഞാനിവിടെ കഴിയും.

ഹോട്ടൽ മുറിയിൽ മരണത്തിലേക്ക് പിടഞ്ഞ അടുത്ത വീട്ടിലെ പെൺകുട്ടിയും ഭർത്താവും ഒന്നരവയസുകാരനും ഇരുട്ടുമൂടിയ ആകാശത്തിൽ അവ്യക്തരൂപങ്ങളായി ഞാൻ സങ്കല്പിച്ചു.
മുറിയിൽ പോകാം.
ചില നേരങ്ങളിൽ അടച്ചിട്ട മുറി വല്ലാത്തൊരു സ്വാതന്ത്യം തരും.മറ്റൊരവസരത്തിൽ ചുമരുകൾ തല്ലിത്തകർക്കാൻ തോന്നുമെങ്കിലും.

പിറകിൽ ആരോ തൊട്ടു,നീയെന്താണോർക്കുന്നത്.
പിറകിൽ കാവിവസ്ത്രധാരിയായൊരു പെണ്ണ്.
കന്യാകുമാരിയിൽ നിന്നും വർഷങ്ങളുടെ ദൂരം.
നിനക്കിതെന്തുപറ്റി.

ഇതാ അമ്മേ ഫോൺ,മറ്റൊരു യുവാവ് അവൾക്കുനേരെ നീട്ടി.അവൾക്കൊപ്പം വന്നതാണ്.ബൈക്കിലാണവർ വന്നത്.ഞാനിതൊന്നും അറിഞ്ഞിരുന്നില്ല.
അവൾ ഫോണുമായി പുറത്തേക്കു പോയി.അവൾ സംസാരിച്ച ഭാഷയെല്ലം സാധാരണമല്ല.സാധാരണ മനുഷ്യർ ഉപയോഗിക്കുന്നതേയല്ല.
യുവാവ് എന്നോട് സംസാരിക്കാനാരംഭിച്ചു.ആമുഖമായി അദ്ധ്യാത്മികതയെപ്പറ്റി സംസാരിച്ചു.ചില മനുഷ്യർ അങ്ങിനെയാണ് ആമുഖം പറഞ്ഞെങ്കിലേ അവർക്ക് ഇരിക്കപ്പൊറുതിയുള്ളൂ.അല്ലെങ്കിൽ ചെറുതായി കരുതിയെങ്കിലോ എന്ന ആശങ്ക.ആദ്യം ഞാൻ കേട്ടിരുന്നു,പിന്നെ തിരിച്ചുകൊത്തി.

ഓഷോ ഉണ്ടെങ്കിൽ പലതിനും മറുമരുന്നാണ്.അദ്ധ്യാത്മകതക്കു മാത്രമല്ല കുടുംബമഹിമക്കുമൊക്കെ ഓഷോ നല്ല മരുന്നാണ്.ഓഷോ എന്നുപറയുമ്പോൾ തന്നെ ചിലരുടെ നെറ്റിചുളിയുന്നതും വാലുമടക്കുന്നതും കാണാം.കുറച്ചു താവോ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട.ഏതു താത്വിക കൊലകൊമ്പനേയും വെട്ടിവീഴ്ത്താം.
യുവാവ് വാലുമടക്കുന്നതിനുമുമ്പേ അവൾ എത്തി ഫോൺ കൈമാറി.അവൻ ഫോണും സംസാരവുമായി പുറത്തേക്ക്.

അവൻ നിന്റെ മകനാണോ.
എന്തേ
അമ്മേ എന്നു വിളിക്കുന്നു
അവൻ എന്റെ മകനാണിപ്പോൾ
എന്നു മുതൽ
ഞാനീ വസ്ത്രം സ്വീകരിച്ചതുമുതൽ,അവനു ഞാൻ അമ്മയും എനിക്കവൻ മകനും.

എന്തെങ്കിലും കഴമ്പുള്ള മകനെ സ്വീകരിക്കാമായിരുന്നു.

അതിനുത്തരം അവൾ പറഞ്ഞില്ല.അവൾ എന്റെ ജീവിതപരിസരങ്ങൾ നോക്കുകയായിരുന്നു.നേരത്തെ ആയിരുന്നുവെങ്കിൽ അവൾ ഇതിനകം എന്തെല്ലാം പറയുമായിരുന്നു.അവൾ മൗനമായിരുന്നു.


നിനക്കെന്തുപറ്റി.
എന്ത്.
നിന്റെ ഈ വേഷം ഭാഷ കൂട്ടുകെട്ട്.
ഇതെല്ലാം കാലം തരുന്ന മാറ്റങ്ങളാണ്.
ഇതിൽ എനിക്കെന്തെങ്കിലും പങ്കുണ്ടൊ.
അത് നീ സ്വയം ചോദിച്ചറിയുക.


എന്റെ കൈ അവൾക്കുനേരെ നീണ്ടു,അവൾ കൈ പിൻവലിച്ചു.

ന്യൂ ജനറേഷൻ ബൈക്കിൽ യുവാവിനു പിറകിൽ ഇരിപ്പ് ശരിയാക്കി പോകുമ്പോൾ അവൾ എന്നെ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.അവളുടെ നീണ്ടമുടിയിൽനിന്നും കാറ്റ് പുറപ്പെടും പോലെ അവ ഇളകി.


മണിലാൽ

Monday, August 4, 2014

തവളകളേക്കാൾ മനോഹരമായ...............
മഴയമർന്ന് ഭൂമി തണുത്തുറഞ്ഞ്  ജലനിർഭരമായ ലോകത്തെ ആഘോഷപൂർവ്വം സ്വികരിക്കുന്ന ശബ്ദങ്ങൾ ഇടതടവില്ലാതെ  പൊങ്ങുന്ന പാതിരാവുകളിൽ ചില്ലുവാതിലുകളിലും വെള്ളപൂശിയ ചുമരുകളിലും  വെളിച്ചവും നിഴലുകളും നൃത്തം വെക്കും.പേടിയിൽ ഉള്ളൊന്നു കാളും.അടുത്ത നിമിഷം  തിരിച്ചറിയും,തവളപിടുത്തക്കാർ എത്തുകയാണ്.

ഓണക്കാലത്ത് തുയിലുണർത്തു സംഘത്തെ അകലങ്ങളിൽ നിന്നുള്ള നേരിയ സംഗീതവീചികളായിട്ടാണ് ആദ്യം കേൾക്കുക.ചിലപ്പോൾ പെട്ടെന്നാണവർ വീട്ടുമുറ്റത്തെത്തുക. ആദ്യദിവസം അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം.
തവളപിടുത്തക്കാരുടെ വെളിച്ചവും നിഴലുകളും ഇതേമാതിരിയാണ്.
നേരിയ വെളിച്ചവും നിഴലുകളുമായി ആദ്യം.പിന്നെ ശക്തികൂടിയ വെളിച്ചവും നിഴലുകളും പതിഞ്ഞ ശബ്ദങ്ങളും കാലടികളുമായി അടുത്ത്.

പെട്രൊമാക്സാണ്  തവളപിടുത്തത്തിന് ആവശ്യമായ ആകെ ഉപകരണം. ഏകാഗ്രത,സൂക്ഷ്മത അത്യാവശ്യം.പാമ്പിനേയും ചേമ്പിനേയും പ്രേതങ്ങളേയും അശേഷം മൈൻഡ് ചെയ്യരുത്.ഭൂമിയിൽ മനുഷ്യരുണ്ടെന്ന ചിന്തപോലുമരുത്.തവള തവള മാത്രം.എങ്കിലേ തവളകളെ കണ്ടെത്താനാവൂ.പ്രകൃതിയോടലിഞ്ഞാണവരുടെ ഇരിപ്പ്.

തവളകളെ സൂക്ഷിക്കാനുള്ള പുതിയ ചാക്ക് നിർബ്ബന്ധമാണ് ഈ തൊഴിലിൽ .പെട്രൊമാക്സിന്റെ മുകൾ ഭാഗം അടച്ചതിനാൽ തവളപിടുത്തക്കാരുടെ മുഖം ആർക്കും ലഭ്യമായിരുന്നില്ല.മറ്റുള്ളവരുടെ വീട്ടുവളപ്പിലൂടെയാണ് യാത്ര എന്നതിനാൽ ശബ്ദവും പുറത്തേക്കുവരില്ല.ആയതിനാൽ കാലങ്ങളായി ആരിവർ എന്നത് നിഗൂഡമായി നിലനിന്നുപോന്നു.രാത്രീഞ്ചരന്മാരെ നേരിൽ കാണാൻ ആർക്കും താല്പര്യമില്ലാത്തതിനാൽ അവർ ദൈവങ്ങളെപ്പോലെ യവനികക്ക് പിറകിലായിരുന്നു എന്നും.എന്നാൽ ദൈവങ്ങളേക്കാൾ മുകളിലായിരുന്നു അവർ. പാതിയെങ്കിലും പ്രത്യക്ഷമുള്ളതും സർവ്വോപരി ജീവനുള്ളതും ആയിരുന്നു അവർ.

കുട്ടിക്കാലത്ത് ഭയം നിറഞ്ഞ ബഹുമാനമായിരുന്നു  ഈ അഞ്ജാതജീവികളോട് .ഒരിക്കലും അവർ സാധാരണ മനുഷ്യരാണെന്നോ മനുഷ്യർ തന്നെയാണെന്നൊ തോന്നിച്ചിരുന്നില്ല.അത്രക്ക് നിഗൂഡതകളായിരുന്നു ഇവർക്കു ചുറ്റും സങ്കല്പിച്ചിരുന്നത്. രാത്രിയിൽ മാത്രം ഇറങ്ങുന്ന  ജീവിയെപ്പോലെയാണ് തവളപിടുത്തക്കാരെ മനസിൽ കുട്ടിക്കാലം രേഖപ്പെടുത്തിയത്.ഇവർക്ക് വീടുണ്ടൊ വീടുകളിൽ ഭാര്യയുണ്ടോ അവർ തമ്മിൽ വഴക്കും വക്കാണവുമുണ്ടൊ എന്നൊക്കെ ചിന്തിച്ചതേയില്ല. ആദ്യമഴയിൽ പെരുകിയുണരുന്ന ഈയാമ്പാറ്റകൾ കാണുമ്പോളുള്ള അതേ കൗതുകം ഇവരുടെ വരവിലൂടെ അനുഭവിച്ചു.

തവളപിടുത്തക്കാർ ഒരിക്കലും ഉച്ചത്തിൽ മിണ്ടിയിരുന്നില്ല.രാത്രിയോടു ചേർന്നുനിൽക്കുന്ന നിശബ്ദതയായിരുന്നു അവരുടെ ഭാഷ.സംസാരിക്കുകയാണെങ്കിൽത്തന്നെ ഇറങ്ങേണ്ട സ്ഥലം വിട്ടുപോകുമോ എന്ന പേടിയിൽ  രാവിലെ  ഇറങ്ങേണ്ടതിന് പാതിരക്കുതന്നെ ഉണർന്ന് ശബ്ദം പുറത്തുവരാതെ എന്നാൽ മറ്റുള്ളവരുടെ ഉറക്കത്തെ കെടുത്തുന്ന രീതിയിൽ പിറുപിറുക്കുന്ന ഭർത്താവും ഭാര്യയും അടങ്ങുന്ന ട്രെയിൻ യാത്രക്കാരെപ്പോലെ.ഒരു കുടുംബജീവിതം ഫ്രീയായി കേൾക്കണമെങ്കിൽ ഈ സമയത്ത് കാത് കൂർപ്പിച്ചാൽ മാത്രം മതി.


പെട്രോമാക്സും  ചാക്കും ഉണ്ടെങ്കിൽ ഏതു പാതിരാത്രിക്കും തവളപ്പിടുത്തക്കാർക്ക് പുറത്തിറങ്ങാം. ആർക്കും ചെയ്യാവുന്നതാണ്. മറ്റുള്ളവരുടെ സ്ഥാവരവസ്തുക്കളിൽ കൂടി നിർഭയമായി സഞ്ചരിക്കാം.വിവാഹം കഴിച്ചവർക്ക് എന്തു തെമ്മാടിത്തരവും ചെയ്യാം എന്നതുപോലെ.
ജാരന്മാരും കള്ളന്മാരും പെട്രോമാക്സും ചാക്കുമായി ഒരിക്കലും സഞ്ചരിക്കില്ലെന്ന് മാവേലി നാട്ടിലെ മാലോകർക്കറിയാം. അങ്ങിനെ സഞ്ചരിച്ചാൽ അവർ അവരാകുകയില്ലെന്ന് അവർക്കുമറിയാം.ഒരു കൂട്ടർ ഇരുട്ടിനെ തോല്പിക്കുന്നവരും മറ്റേകൂട്ടർ ഇരുട്ടിനെ സംരക്ഷിക്കുന്നവരുമാകുന്നു.

കുറച്ചുകൂടെ മുതിർന്ന് പെട്രോമാക്സ് വാടകക്ക് കിട്ടുന്ന പ്രായമാപ്പോൾ(സൈക്കിളും പെട്രോമാക്സും വാടകക്ക് കിട്ടണമെങ്കിൽ ഒരു പ്രായമൊക്കെ ആവണം.സൈക്കിൽ ചവിട്ടാറായോ തവളപിടിക്കാറായോ എന്നൊരു നോട്ടം വാടകക്ക് തരുന്നവർ നോക്കും) ഞങ്ങൾക്കും തവളകളെ പിടികൂടാൻ പൂതി തോന്നി.മഴപെയ്ത് തവളകൾ കരയാൻ തുടങ്ങിയപ്പോൾ വാടകക്കെടുത്ത പെട്രോമാക്സുമായി ഞങ്ങളും ആഘോഷപൂർവ്വം ഇറങ്ങും.ഒരു കീറച്ചാക്കും കരുതും.അബദ്ധത്തിൽ തവള കയ്യിൽ പെട്ടാലോ.

ഇടത്തരം മേൽത്തരം തവളകളെ മാത്രമേ ഞങ്ങൾ പിടിക്കുകയുള്ളു.
പിടിച്ചതിന്റെ അരക്കുതാഴെ നോക്കി ഞങ്ങൾ വെള്ളമിറക്കും.തീരെ ചെറിയ തുടകൾ ആണെങ്കിൽ ഞങ്ങൾ അതിനെ വെള്ളത്തിലേക്ക് തിരിച്ചയക്കും. കുഞ്ഞുമാക്രികളെ പിടിച്ചാൽ,പ്രായപൂർത്തിയായിട്ട് വാ എന്ന് സ്നേഹിച്ച് തിരിച്ചയക്കും.കുട്ടിക്കാലത്ത് സഹജീവസ്നേഹം എന്നൊന്നുണ്ടായിരുന്നു.

തവളയുടെ അടുത്തേക്ക് പെട്രോമാക്സ് പതുക്കെ കൊണ്ടുവരും.വെ ളിച്ചത്തിന്റെ പ്രസരിപ്പിലേക്ക് തവള കണ്ണുമിഴിക്കും.പെട്രൊമാക്സ് വെളിച്ചത്തിലാണ് തവളയുടെ കണ്ണുകൾ തിളങ്ങുക.തവളക്കണ്ണുകൾക്ക് ഒരു കവിതയിലും ഇടംകിട്ടിയിട്ടില്ല.പുല്പടർപ്പിലും കുളവാഴക്കൂട്ടത്തിലും ആഫ്രിക്കൻ പായൽവിരിപ്പിലും കണ്ണുകളാൽ കവിത രചിച്ച് തവളകൾ കിടക്കുന്നുണ്ടാവും.

വെളിച്ചം ദുഖമാണുണ്ണി എന്നൊന്നും അതിനെ ആരും പഠിപ്പിച്ചിട്ടില്ലല്ലോ.ആ കണ്മിഴിപ്പിൽ ഒരു കൈ പിന്നിലൂടെ നിശബ്ദം വന്ന് അതിന്റെ അരക്കെട്ടിൽ പതിയും.കണ്ണുകൾ ഏറ്റുമുട്ടിയാൽ ഒരാൾക്കും ഒന്നും ചെയ്യാനാവില്ല.ആയതിനാൽ ആണ് പിറകിലൂടെയുള്ള ഈ കളി. അരക്കെട്ടിൽ പിടിച്ചാൽ ഒരു തവളയ്ക്കും അതിൽ നിന്നും രക്ഷപ്പെടാൻ പറ്റില്ല.ലോകത്ത് ഇത്രക്ക് ഇടുങ്ങിയ അരക്കെട്ടുള്ള ജീവി മനുഷ്യകുലത്തിൽ മാത്രമല്ല   മറ്റു ജന്തുവിഭാഗങ്ങളിലും വേറെയുണ്ടാവില്ല.

നീന്തൽ നല്ല എക്സർസൈസ് ആണെന്നു പറയുന്നതിൽ തവളയെ പ്രതി തെറ്റില്ല.

അരക്കെട്ട് ഉടുക്ക് പോലെയാണ്.തള്ളവിരലും അതിനടുത്ത പേരറിയാത്ത വിരലും തീർത്ത വളയത്തിനുള്ളിൽ ഏതു തവളയും കിടന്നുപുളയും.അരക്കെട്ടിനപ്പുറവും ഇപ്പുറവും തലയുടേയും തുടയുടെയും രണ്ടുഭാഗങ്ങളായി.അരക്കെട്ടിനു താഴെയാണ് ഭക്ഷ്യയോഗ്യമായ  ഭാഗം.അരക്കെട്ടിലാണ് തവളയുടെ ട്രാജഡി തുടങ്ങുന്നത്.അവിടെയാണ് കത്തി മൂർച്ച തെളിയിക്കുക.

ഒറ്റവെട്ടിനു അത് രണ്ടായി പിളരും.വെട്ടേറ്റാലും മറ്റുഭാഗങ്ങൾ പിറകിലുണ്ട് എന്ന മട്ടിൽ  തലഭാഗം രണ്ടുകാലിൽ ചാടിച്ചാടി ഇരുട്ടിൽ പോയി മറയും.അവക്കെന്തുപറ്റിയെന്ന് ആരും തിരക്കാറില്ല.
പിൻകാലുകളില്ലാത്ത തവള തവളയല്ല.തവളകൾ നീന്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടൊ,അതിന്റെ കാലഴക് അപാരമായ സൗന്ദര്യമാണ് തരുന്നത്.നീന്തുന്ന തവളയുടെ കാലുകൾ പോലെ ഒന്ന് ഭൂമിയിൽ ഇനിയും കാണാനിരിക്കുന്നതേയുള്ളു.

അരക്കെട്ടിൽ നിന്നും തുടകളെ മോചിപ്പിച്ചാൽ  തൽസമയം  അതിനെ അടുപ്പിൽ കയറ്റും.തൊലിയുരിഞ്ഞാൽ പ്രത്യക്ഷമാവുന്ന വെളുത്തുതുടുത്ത ഇറച്ചി മോഹിപ്പിക്കുന്നതാണ്.ഇറച്ചിക്കൊതിയാൽ തുടകളിൽ നോക്കിയിരിക്കെ തവള എന്ന പൂർവ്വജന്മത്തെ നമ്മൾ മറന്നുപോകും.തുടയിൽ നിന്നും കാലറ്റം വരെ നീണ്ടുകിടക്കുന്ന ഞരമ്പ് ഊരിക്കളയണം.ഞരമ്പ് ആരോഗ്യത്തിന് ഹാനികരമെന്ന് തവളയെക്കുറിച്ചു പഠിച്ചവർ പറയുന്നു.തവളയെ കീറിമുറിച്ച് പഠിക്കുന്ന കോളേജ് ലാബിനേക്കാൾ ചർച്ചകളായിരിക്കും രാത്രിയിലെ ഈ സെഷനിൽ നടക്കുക.വെന്തുവന്നാൽ ഒരു കഷണം വീതം ഓരോരുത്തർക്കും കിട്ടിയാൽ ഭാഗ്യം.

 ഉറങ്ങാൻ കിടക്കുമ്പോൾ തവളകൾ കരയുന്ന ശബ്ദം വീണ്ടും കേൾക്കും.പുറമേ നിന്നാണോ അകമേ നിന്നാണോ എന്ന് സംശയിച്ചിട്ടുമുണ്ട്.
തവളയെ ആരും കറിവെച്ചതായി ചരിത്രത്തിൽ ഇല്ല.ഫ്രൈ ആവാനാണ് തവളയുടെ ജന്മനിയോഗം.

പരിസ്ഥിതി  എന്തെന്നറിയുന്നതിനു മുമ്പത്തെ കഥയാണിത്.പിന്നീട് തവളകൾ കൂട്ടുകാരായി.അതിക്രമം കാട്ടാൻ അരക്കെട്ടിലേക്ക് കൈ പൊന്തിയില്ല. നെല്പാടങ്ങളിലെ കീടങ്ങളെ പിടിക്കുന്നതിന് തവളകൾ അത്യന്താപേക്ഷിതമാണെന്നും.തവളയെ ആർക്കെങ്കിലും പിടിക്കണമെങ്കിൽ തന്നെ ചേരക്കോ നീർക്കോലിക്കോ മാത്രമാണ് അതിനവകാശമെന്നും ജന്തുക്കളുടെ ഭരണഘടന അനുശാസിക്കുന്നുണ്ട്.പാമ്പുകൾ തവളയെ വായിൽ പിടിച്ചുകിടക്കുമ്പോൾ നാലുകണ്ണുകളാണ് ലോകത്തോടു സംസാരിക്കുന്നത്.നാലു ആഴമുള്ള കണ്ണുകൾ.

മഴയെ കാവ്യാത്മകമാക്കി ഉയർത്തുന്നത് തവളകളാണ്,പുതുമഴയെ പ്രത്യേകിച്ച്.
പുതുമഴക്കുശേഷമുള്ള കരച്ചിൽ വേണോ വേണ്ടയോ എന്ന  ഒരുമാതിരി കരച്ചിലാണ്.ഗ്ലിസറിൻ ഉപയോഗിച്ചുള്ള കള്ളക്കരച്ചിലാണോ എന്നു പോലും തോന്നിയിട്ടുണ്ട്.
തവളകളുടെ കരച്ചിൽ നിലച്ചാൽ തവളപിടുത്തക്കാർ  തവളകളുമായി സ്ഥലം വിട്ടു എന്ന് മനസിലാക്കാം.രാവിലെ എഴുന്നേറ്റാൽ തവള ഓർമ്മയിൽ പോലുമുണ്ടാവില്ല.ഇണയെ ചേർക്കാനാണ് തവളകൾ മേക്രോ എന്ന സംഗീതം അലറുന്നത്. ചാക്കിലേക്ക് എറിയപ്പെടുന്നതോടെ തവളകളുടെ ജീവിതം അവസാനിക്കുകയാണ്.സ്വന്തം ആവാസത്തിൽ നിന്നും വലിച്ചെറിയുമ്പോൾ ഇണയും തുണയും തൃഷ്ണയുമെല്ലാം ഒടുങ്ങുമായിരിക്കും. ചാക്കിനുള്ളിലെ തടവറയിൽ തവളകൾ കരയാറില്ല.

രാത്രിയിൽ നിന്നും തവളകളെ കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കായിരുന്നു എന്നാണോർമ്മ. സാമ്രാജ്യത്വത്തിന്റെ നശീകരണനിലപാടുമായി ഒത്തുനോക്കുമ്പോൾ ചില ഗൂഢാലോചനകൾ തെളിഞ്ഞുവരുന്നു.തവളകൾ വംശനാശത്തിന്റെ വക്കത്തെത്തിയതിലൂടെ നഷ്ടമായത് കൃഷിയിടങ്ങളിലെ ജൈവപരിസരങ്ങളാണ്.പാമ്പും കീരിയും തവളകളും ഞണ്ടും ഞവിനിയുമൊക്കെ ഉണർത്തിനിർത്തിയ നെൽവയലുകൾ ജൈവസമ്പത്തിന്റെ നേർനിലങ്ങളായിരുന്നു.ഇതിൽ മുഖ്യപങ്കുവഹിച്ചത് തവളകളായിരുന്നു.തവളസമൂഹത്തെ നശിപ്പിക്കാനാവുമോ ഇല്ലാത്ത ഡിമാന്റുണ്ടാക്കി അവിടേക്ക് കയറ്റിക്കൊണ്ടുപോയത്.ഇത് രാഷ്ട്രീയക്കാർക്ക് സമയമുണ്ടെങ്കിൽ ചർച്ച ചെയ്യാവുന്ന വിഷയമാകുന്നു.

പിന്നീട് എങ്ങിനെയോ തവള പിടുത്തം നിരോധിച്ചു.പെട്രോമാക്സുകൾ കുറെക്കാലം കല്യാണവീടുകളിലും മരണവീടുകളിലും മനുഷ്യരുടെ കണ്ണു ബൾബാക്കി ജ്വലിച്ചുജീവിച്ചു.
തവളപിടുത്തക്കാർ മറ്റു പിടുത്തങ്ങളിലേക്ക് തിരിഞ്ഞ് സമൂഹജീവികളായി മാറി.തവളരാജൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത തവളപിടുത്തക്കാരൻ നിരോധനത്തിന് പുല്ലുവില കൽപ്പിച്ച് തവള പിടിക്കാനിറങ്ങി കള്ളനാണെന്ന് കരുതി ഭാരമേറിയ ചാക്കുമായി പോലീസ് പിടിയിലായി.തൊണ്ടിമുതൽ കെട്ടഴിച്ച് നിലത്തിടാൻ ലാത്തി കൊണ്ട് പോലീസ് ആഞ്ജാപിച്ചു.


പിന്നീട് കണ്ട കാഴ്ച തവളച്ചാട്ടം കൊണ്ട് പോലീസ് സ്റ്റേഷൻ അലങ്കോലമാവുന്നാതാണ്.വെപ്രാളത്തിൽ പോലീസുകാരും തവളച്ചാട്ടം ചാടാനാരംഭിച്ചു. അറപ്പും വെറുപ്പും ഉണ്ടാക്കുന്ന  ജീവി എന്ന നിലയിലും തവളയെ പിടിക്കുന്നതും കൊല്ലുന്നതും നിയമവിരുദ്ധമായതിനാലും തവളകളെ സല്യൂട്ടടിച്ചുനിൽക്കാനെ കൊമ്പൻ മീശയുള്ളതും ഇല്ലാത്തതുമായ പോലീസിന് കഴിഞ്ഞുള്ളു.

(തവള നിരോധനത്തെ തുടർന്ന് വെള്ളത്തിൽ വീണുമരിച്ചവരെ പുറത്തുകൊണ്ടുവരിക,അട്ടയെ പിടിച്ച് മെത്തയിൽ കിടത്തുക,റെയിൽവേ ട്രാക്കിൽ പൂസായി കിടക്കുന്നവരെ ട്രെയിൻ വരാത്ത ട്രാക്കിലെക്ക് മാറ്റിക്കിടത്തുക തുടങ്ങിയ പണികളിലേക്ക് തിരിയുകയും അടുത്ത കാലത്ത് തവളകളും നിരോധനവുമില്ലാത്ത ലോകത്തേക്ക് യാത്രയാവുകയും ചെയ്ത ശില്പി രാജന്റെ കൂട്ടുകാരനും നാട്ടുകാരനുമായ നെടുപുഴയിലെ  തവളബാലേട്ടന് ഈ എഴുത്ത് സമർപ്പിക്കുന്നു).


മണിലാൽ 

നീയുള്ളപ്പോള്‍.....