പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, March 28, 2014

ഈ രാവ് എനിക്കിങ്ങനെയായിരുന്നു അഥവാ ഒരു ബാർ-ബേറിയൻ രാത്രി




തൃശൂരിലെ ഒരു ബാർബേറിയൻ രാത്രി



 സ്വർഗസീമകൾ കടന്ന് ആനന്ദത്തിന്റെ പൂക്കൾ  ശേഖരിക്കുകയാണ്.അതുകൊണ്ടാണ് ഈ ലോകത്തെ ഞങ്ങൾ  വാസയോഗ്യമാക്കുന്നത്
……

അവർ പാടുകയാണ്.അവർ എന്നു പറഞ്ഞാൽ അഞ്ചുപേരുണ്ട്.മേശക്കു ചുറ്റും ഞങ്ങളും അഞ്ചുപേരായിരുന്നു.പലതരം രുചികളുടെ കോക്ടെയിലുകൾ പരീക്ഷിക്കുകയായിരുന്നു മേശക്കു ചുറ്റും വിരിഞ്ഞ സൗഹൃദം.ചവർപ്പും പുളിയും കയ്പും   മധുരങ്ങളുമായി ഞങ്ങൾ അവയെ മാറിമാറി നുണഞ്ഞുകൊണ്ടിരുന്നു.ചുണ്ടിൽ നിന്നും നാവിലേക്കലിഞ്ഞ് ലഹരിയുടെ ഉടൽസഞ്ചാരമായി അത് രൂപാന്തരം കൊള്ളുകയായിരുന്നു.
കൗണ്ടറിനു തൊട്ടുള്ള വേദിയിലെ  പാട്ടും അതോടൊന്നിച്ചുള്ള നൃത്തച്ചുവടുകളും മദ്യത്തിലമർന്ന  മനുഷ്യ ശബ്ദങ്ങളെ മാച്ചുകളഞ്ഞുകൊണ്ടിരുന്നു.ശബ്ദം തുടച്ചുകളഞ്ഞ ടിവിയിലെ ക്രിക്കറ്റിലേക്ക് ഒറ്റയൊരുത്തനും     ശ്രദ്ധ കൊടുക്കന്നതേയില്ല.ക്രിക്കറ്റിനോടുള്ള ജനങ്ങളുടെ ആവേശവും ഒരു   പകരം വെപ്പായിരിക്കുമോ.ശരീരത്തിന്റെ പ്രസരണങ്ങളെ പെരുപ്പിക്കുന്ന നിമിഷങ്ങളിൽ മറ്റെന്ത്  എന്നൊരു ചിന്ത എല്ലാവരിലും നുരഞ്ഞുപൊങ്ങിയിരുന്നു.
പാട്ടിനേക്കാളും ശരീരചലനങ്ങളിലായിരുന്നു എന്റെ ശ്രദ്ധ.പതിഞ്ഞ വെളിച്ചത്തിലും വെളുത്ത ശരീരങ്ങൾ കഴ്ചയെ ജ്വലിച്ചിച്ചു നിർത്തി,അകക്കണ്ണു  പോലും വെളിയിലേക്ക് മിഴിതറന്നു. വലിയ ഹൈഹീൽ ചെരിപ്പിൽ ഉലയാതെയുലഞ്ഞ  ശരീരങ്ങൾ അധികവസ്ത്രങ്ങൾ കൊണ്ടു മൂടി അശ്ലീലമാക്കിയിരുന്നില്ല .മറുനാടൻ ഉടലുകൾ മലയാളികൾക്കുനേരെ കൊഞ്ഞനം കുത്തുകയാണോ എന്ന്  സംശയിക്കുംവിധമായിരുന്നു  അവരുടെ ആട്ടവും പാട്ടും.
കാഴ്ചയിൽ അഭിരമിക്കേണ്ട സമയത്തുപോലും ഒരുതരം വിധേയത്വം  അനുഭവപ്പെട്ടു  തൊലിയുടെ വെളുപ്പോ ശരീരത്തിന്റെ തുറസോ ഭാഷ ഇംഗ്ളീഷോ  കാരണമായിരിക്കണം. നഗ്നതയുടെ ആഘോഷവേളയിലൊന്നും  ആരുടെയും നെഞ്ചിടിപ്പ് കുറയുകയോ കൂടുകയോ ചെയ്തില്ല.തികച്ചും സ്വാഭാവികമായത് എന്ന പോലെ എല്ലാവരും.സ്വാതന്ത്രമായിത്തോന്നുന്ന നിമിഷങ്ങളിൽ മനുഷ്യാഭിവാഞ്ചകൾ   കപടമല്ല.

അപ്പുറവും ഇപ്പുറവും അയ്യഞ്ചുപേർ മാത്രമെന്ന രഹസ്യഭാവനയിലേക്ക് ഞങ്ങൾ ചാഞ്ഞു. ഓരോരുത്തരുടെ താല്പര്യത്തനനുസരിച്ച് അപ്പുറത്തെ അഞ്ചുപേരെയും ഞങ്ങൾ പകുത്തു.ഉയരം കൂടിയതിനെ ഒരാൾ ,തടികൂടിയതിനെ മറ്റൊരാൾ,എപ്പോഴും ചിരിയണിഞ്ഞവളെ   വേറൊരുത്തൻ.ഇതിൽ ഇടപെടാതിരുന്ന എനിക്ക് കിട്ടിയത് കൂട്ടത്തിൽ എറ്റവും ഉയരം കുറഞ്ഞതിനെ.അവളെ ഞാൻ ഫലിക്കാതെ പോയ ഒരു  പ്രണയത്തിലെ നായികയോടുപമിച്ച് മനസാവരിച്ചു. 
വസ്ത്രങ്ങളുടെ സാദ്ധ്യതകൾ പലതാകുന്നു.ഓരോ സംസ്കാരത്തിനും ഓരോ വഴികൾ.ആ വ്യത്യസ്തതകൾ അണ് ലോകത്തിന്റെ സൗന്ദര്യം എന്ന് ഞാൻ ഒരു കൊളുത്തിട്ടു നോക്കി.ആരുമൊന്നും പറഞ്ഞില്ല.ഓരോ സിപ്പിനുമൊപ്പം വാക്കുകളെ വികാരങ്ങളെ അവർ വിഴുങ്ങുകയായിരുന്നു.ആ വിഴുങ്ങലിന്റെ കനം അവരുടെ തൊണ്ടയിൽ ഞാനറിഞ്ഞു.ഞങ്ങൾ ഇരുട്ടിലോ വെട്ടത്തിലോ?
വെട്ടിയൊതുക്കിയ മുടിയും പച്ചനിറം അരികുപാകിയ   എന്റേതായി അവരോധിക്കപ്പെട്ട അവൾ ധരിച്ചിരുന്നത്.വസ്ത്രങ്ങൾ എന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്.ശരീരത്തെ പൊതിഞ്ഞുവെക്കാനുള്ളതായിരുന്നില്ല,നഗ്നതയെ മികവുറ്റ രീതിയിൽ തർജ്ജമ ചെയ്യാനുള്ളതായിരുന്നു അത്.

നഗ്നത വെറും കഴ്ച വസ്തുവല്ല,ജീവികൾക്കിടയിലെ  തുറന്ന സംവേദനമാകുന്നു.തുറന്ന കാഴ്ചകൾ അത്ഭുതങ്ങൾ ഉണ്ടാക്കുന്നില്ല.നിഗൂഢതകൾ നമുക്കു തരുന്നത് നിലക്കാത്ത വാങ്മയചിത്രങ്ങളാണ്.അതിൽ നിന്നെത്ര ചിത്രങ്ങളും വരക്കാവുന്നതാണ്.അങ്ങിനെയും ആശ്വസിക്കാവുന്നതാണ്.

വലിയ മീനുകൾ തീൻ മേശയിൽ പിടഞ്ഞു. അതിന്റെ ചലനമറ്റ നഗ്നശരീരങ്ങളിൽ അഞ്ചു  കൈകൾ തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു.വാലും തലയും വയറും കണ്ണും ചെവിയും ചിതമ്പലുകളിൽ വരെ ഞങ്ങൾ മൂഡിനനുസരിച്ച് കൈവെച്ചു,വിരലുകൾ ഒഴുകിനടന്നു.മീൻ അതിന്റെ ആകൃതിയിൽ നിന്നും അനുനിമിഷം പിൻവാങ്ങിക്കൊണ്ടിരുന്നു. അത്രക്കായിരുന്നു അതിന്മേൽ ഞങ്ങൾക്കുള്ള കൊതികൾ. വസ്തുക്കൾ ശില്പമാവുന്നതു പോലുള്ള ഒരു അനുഭവത്തെ മീനിന്മേൽ ഞങ്ങൾ ആസ്വദിച്ചുകൊണ്ടിരുന്നു മങ്ങിയ വെളിച്ചത്തിലും.കാഴ്ചകളെ സൂക്ഷ്മമാക്കിയാൽ എന്തൊക്കെ സവിശേഷതകളാണ് കാണാൻ കഴിയുക.
ഇപ്പോൾ ഞങ്ങൾക്കു മുന്നിൽ പാടുന്നത് വെറും ശരീരങ്ങൾ മാത്രമല്ല.ഭൂഖണ്ഡങ്ങൾ താണ്ടുന്ന സ്വാതന്ത്ര്യത്തിന്റെ ആർജ്ജവങ്ങളാണ്.സംസ്കാരങ്ങളെ വിനിമയം ചെയ്യുന്ന രൂപകങ്ങളാണ്. ദൂരങ്ങൾ താണ്ടുന്ന അതിജീവനം കൂടിയാവുന്നു.

കാഴ്ചയും കേൾവിയും   ഇല്ലാത്ത ഒരു ലോകത്തെ ചിന്തിക്കുക.ശരീരം കൊണ്ടായിരിക്കില്ലെ നമ്മൾ പരസ്പരം അറിയുക.സ്നേഹം വെറുപ്പ് സൗന്ദര്യം ആർജ്ജവം ആഴങ്ങൾ കാമനകൾ എല്ലാം ശരീരത്തിലൂടെയായിരിക്കില്ലെ മനുഷ്യർ അനുഭവിക്കുക.ആ ലോകത്ത് ആർക്കും പേരുണ്ടാവില്ല.വിളിക്കാനും വിളിക്കപ്പെടാനും ആരുമില്ലാത്ത ലോകം. ദൈവം പോലും ഉണ്ടാവില്ല.എത്ര മനോഹരമാണത്.മനുഷ്യർ ശരീരങ്ങളിലൂടെയും നിശ്വാസങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരിടം ഈ ലോകം.
ശരീരമില്ലെങ്കിൽ ഒന്നുമില്ലാത്ത അവസ്ഥയാണ് ശരീരമുള്ളപ്പോൾ ഒന്നും ഉണ്ടാവാത്ത അവസ്ഥയേക്കാൾ നല്ലത്.
 മാംസളതകൾ ചോർന്ന്  അസ്ഥികൂടങ്ങൾ മീനിന്റെ രൂപത്തിൽ  ചില്ലുപാത്രത്തിൽ കിടന്നു.നൃത്തത്തിൽ നിന്നും തെറിച്ചുകൊണ്ടിരുന്ന കണ്ണുകളേക്കാൾ ജീവൻ ചില്ലുപാത്രത്തിൽ കിടന്ന കണ്ണുകൾക്കുണ്ടായിരുന്നു.
എന്നിട്ടും മീൻകണ്ണുകളെ കവികളും കലാകാരന്മാരും മനുഷ്യരുടേതിനോടുപമിക്കുന്നു.
കണ്ണിൽ ആരും തൊട്ടില്ല,ജീവനുള്ള കണ്ണുകളെ എല്ലാവർക്കും പേടിയാണ്.

നൃത്തം തുടരുകയാണ്. പാട്ടിന്റെ ഭാഷകൾ പല ദേശങ്ങളിലൂടെ   സഞ്ചരിക്കുകയാണ്. പല ശരീരങ്ങളിലൂടെ  അർത്ഥമാവുകയാണ്.നഗ്നമായ ശരീരത്തിന്റെ തെറിപ്പുകൾ വ്യത്യസ്തമായ സംസ്കാരങ്ങളെ വിനിമയം ചെയ്തു കൊണ്ടിരുന്നു.

മീൻ മുള്ളുകൾ ഫോസിലുകൾ പോലെ പാത്രത്തിൽ പതിഞ്ഞുകിടന്നു.ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. ക്രിക്കറ്റ് സ്ക്രീനിലെ ദൈവങ്ങൾ വെയിലിൽ ഓടിയും വാടിയും തളർന്ന് നിലവിളിക്കുന്നത്    ആരും കണ്ടില്ല.എല്ലാവരും പാട്ടിനും നൃത്തത്തിനും ഒപ്പമായിരുന്നു അപ്പോൾ സഞ്ചരിച്ചത്.സ്കോർ ബോർഡുകളേക്കാൾ ബോഡി മൂവ്മെന്റിലായിരുന്നു എല്ലാ ശ്രദ്ധകളും.
മെയ് വഴക്കങ്ങൾ സ്കോർ ചെയ്യാനുള്ളതല്ല ഷെയർ ചെയ്യാനുള്ളതാകുന്നു എന്ന ഉൽസാഹം എല്ലാവരിലും നുരഞ്ഞു. ഗ്ളാസുകൾ കൂട്ടിമുട്ടിച്ചും പൊട്ടിച്ചും തീൻപാത്രത്തിൽ കൈകാലിട്ടടിച്ചും നൃത്തക്കാരിലേക്ക്  പണമെറിഞ്ഞും കണക്കുനോക്കാതെ ടിപ്പുകൾ  കൊടുത്തും ഇൻകമിങ്ങ് കോളുകളിൽ നുണ പൊരിച്ചും ഇരിപ്പിടങ്ങളിലേക്ക് ചാഞ്ഞും ചെരിഞ്ഞും മലർന്നടിച്ചും മദ്യത്തിനു വിപരീതമല്ലാത്ത മനുഷ്യർ സാഹചര്യത്തെ ആവോളം ആസ്വദിച്ചു.

നൃത്തത്തിനു താൽക്കാലികസലാം പറഞ്ഞ് നൃത്തക്കാർ പിൻവാങ്ങിയതോടെ  എല്ലാവരും സാധാരണ മനുഷ്യരായിത്തിരുകയും അതിസാധാരണമായ വർത്തമാനങ്ങൾ ഹാളിൽ ഉയരുകയും ചെയ്തു. റിയൽ എസ്റ്റേറ്റും കുടുംബവും പശ്ചിമഘട്ടവും രാഷ്ട്രീയവും സുധാമണിയും കൊലപാതകവുമൊക്കെ സിപ്പുകൾക്കിടയിലെ വിഷയങ്ങളായി.  തൊട്ടുനക്കാൻ പോലും അർഹത നേടാത്തത്.
എന്താണ് ഈ ലോകത്തിൽ അശ്ലീലം എന്ന ചിന്തയെ   ബ്ലഡിമേരിയിൽ ഞാൻ അലിയിച്ചിറക്കി.

മാനം നോക്കികളായി മനുഷ്യർ മണ്ണിനെ മറക്കുന്നു.പാതിരിമാരുടെ വർത്തമാനം കേൾക്കുമ്പോൾ മുപ്പത് വെള്ളിക്കാശ് ഓർമ്മവരും.രാഷ്ട്രീയക്കാരുടെ പ്രസംഗം കേൾക്കുമ്പോൾ ചമ്മട്ടിയേയും.ഉച്ഛിഷ്ടം പോലും ബാക്കിവെക്കാതെ ഭൂമിയിലെ സന്തോഷങ്ങൾ അവർ പങ്കിട്ടനുഭവിക്കുന്നു.

സ്വയം ആഴങ്ങൾ നിർമ്മിക്കുകയും അതിലേക്ക് ഊന്നുകയും ചെയ്യുന്ന സൗന്ദര്യമുള്ള മനുഷ്യരെ,നിങ്ങൾ ഏതു മറവികളിലാണ് ഒളിച്ചിരിക്കുന്നത്.
ബ്ലഡി മേരിക്കൊപ്പമായിരുന്നു എന്റെ ചിന്തകൾ ലഹരിപിടിച്ചത്.
രാത്രിക്ക് ഭംഗി ഉണ്ടാവുന്നത് നിലാവ് പരക്കുന്നതു കൊണ്ടൊ കിളികൾ കൊക്കുരുമ്മുന്നതുകൊണ്ടൊ യക്ഷിപ്പാലകൾ സുഗന്ധമായി ജ്വലിക്കുന്നതു കൊണ്ടൊ   ജാരന്മാർ ജീവന്മരണ പോരാട്ടത്തിലേർപ്പെടുന്നതു കൊണ്ടൊ അല്ല.
മനുഷ്യർ വായ് മൂടുന്നതു കൊണ്ടുമാത്രമാണ്.

ഭൂമിയിലെ മനുഷ്യരുടെ വ്യഗ്രത ആസുരമായ  ലോകം നിർമ്മിക്കാനാണോ?തളർച്ചയും അലസതയും വീഴ്ചകളും  ഭൂമിയിലെ മനോഹരമായ കാഴ്ചകളാകുന്നത് അതുകൊണ്ടായിരിക്കണം.
നൃത്തം വീണ്ടും ശരീരമിളക്കുകയാണ്.ശരീരത്തിൽ നിന്നും അനന്തതകൾ അണപൊട്ടുകയാണ്.ഇതിൽ  നിന്നും കാഴ്ചയൂരി ഞങ്ങൾ പുറത്തേക്ക് കടന്നു.ശരീരത്തിന്റെയും സംഗീതത്തിന്റേയും  ലോകം ഞങ്ങൾക്കെതിരെ   വാതിലടച്ചു.

ഞങ്ങൾ ഈ ലോകത്തിന്റെ  വെളിച്ചത്തിലോ ഇരുട്ടിലോ, ആരു പറഞ്ഞുതരും?





No comments:


നീയുള്ളപ്പോള്‍.....